തിരുവനന്തപുരം: ലോകഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ മറവിൽ നടന്ന വൻ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. അന്വേഷണ സംഘം നൽകുന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി കൈക്കൊള്ളുന്ന തീരുമാനമായിരിക്കും കേസിന്റെ തുടർനടപടികളിൽ നിർണായകമാകുക. സംഭവത്തിൽ മേൽനോട്ട ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരടക്കം ഗുരുതര വീഴ്ച വരുത്തിയെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) വിലയിരുത്തൽ.
അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോടികളുടെ ജിഎസ്ടി തട്ടിപ്പും വിദേശ സാമ്പത്തിക ഇടപാടുകളിൽ നികുതി വെട്ടിപ്പും നടന്നതായി ക്രൈംബ്രാഞ്ചും ജിഎസ്ടി വകുപ്പും നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്വകാര്യ സ്പോൺസർമാരും സംഘാടകരും ചേർന്ന് വൻ തുക സാമ്പത്തിക ലാഭമുണ്ടാക്കുകയും എന്നാൽ സർക്കാരിലേക്ക് അടയ്ക്കേണ്ട കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി തുക വെട്ടിച്ചെന്നുമാണ് ആരോപണം.ഈ സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ മേൽനോട്ടം വഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് അന്വേഷണ സംഘം ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളും നികുതി വെട്ടിപ്പിന്റെ വ്യാപ്തിയും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് തയാറായിരിക്കുന്നത്. റിപ്പോർട്ട് മുഖ്യമന്ത്രി പരിഗണിച്ച ശേഷം കേസ് കൂടുതൽ വിശദമായ അന്വേഷണത്തിനായി പ്രത്യേക ഏജൻസിക്ക് കൈമാറുമോ അതോ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുമോ എന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇതിനുപുറമേ, ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടായേക്കും. മെസ്സിയുടെ സന്ദർശനപ്രഖ്യാപനം മുതൽ നടന്ന മുഴുവൻ സാമ്പത്തിക സമാഹരണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പരിശോധിച്ചശേഷമാണ് അന്വേഷണസംഘം അന്തിമ റിപ്പോർട്ടിലേക്ക് കടന്നത്.












