ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ വിജയം. ഏകദിന മത്സരങ്ങളുടെ കാലം കഴിഞ്ഞു എന്ന വിമർശനങ്ങൾ ഒരുവശത്ത് ഉയരുമ്പോഴാണ്, ഏകദിന ക്രിക്കറ്റിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞു നിന്ന മത്സരത്തിൽ ലോക ഒന്നാം നമ്പർ ടീമിനെ ഇന്ത്യ പരാജയപ്പെടുത്തിയത്.
നേരത്തേ, ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 350 റൺസ് എന്ന പടുകൂറ്റൻ ലക്ഷ്യം ന്യൂസിൽനഡിന് മുന്നിൽ വെച്ച ഇന്ത്യക്ക് അതേ നാണയത്തിൽ സന്ദർശകർ മറുപടി നൽകി. മിച്ചൽ ബ്രേസ്വെൽ നേടിയ ഉജ്ജ്വലമായ സെഞ്ച്വറി കിവീസിനെ വിജയത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ചു. എന്നാൽ നിലവാരമുള്ള ബൗളിംഗ് പുറത്തെടുത്ത ഇന്ത്യക്ക് മുന്നിൽ അവസാന ഓവറിൽ ന്യൂസിലൻഡ് പൊരുതി വീഴുകയായിരുന്നു.
149 പന്തിൽ 19 ബൗണ്ടറികളുടെയും 9 സിക്സറുകളുടെയും അകമ്പടിയോടെ ഓപ്പണർ ശുഭ്മാൻ ഗിൽ നേടിയ 208 റൺസിന്റെ കരുത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 182 റൺസിൽ നിന്നും തുടർച്ചയായി 3 സിക്സറുകൾ പറത്തിയാണ് ഗിൽ ഇരട്ട സെഞ്ച്വറി കുറിച്ചത്. സമീപകാല ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സിനാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ഗിൽ നിറഞ്ഞാടിയ മത്സരത്തിൽ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കൊന്നും കാര്യമായി ശോഭിക്കാൻ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ക്യാപ്ടൻ രോഹിത് ശർമ്മ ഇന്നും മികച്ച തുടക്കം മുതലാക്കാനാകാതെ 34 റൺസുമായി മടങ്ങി. സൂര്യകുമാർ യാദവ് 26 പന്തിൽ 31 റൺസ് നേടി മടങ്ങി.
ന്യൂസിലൻഡിന് വേണ്ടി ഷിപ്ലിയും ഡാരിൽ മിച്ചലും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ലോക്കി ഫെർഗൂസൻ, ടിക്നർ, സാന്റ്നർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിംഗിൽ കിവീസ് മുൻനിരയെ എറെക്കുറെ മെരുക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു. എന്നാൽ ബ്രേസ്വെല്ലും സാന്റ്നറും ചേർന്ന് പോരാട്ടം ഇന്ത്യൻ ക്യാമ്പിലേക്ക് നയിച്ചു. 78 പന്തിൽ 12 ബൗണ്ടറികളുടെയും 10 സിക്സറുകളുടെയും അകമ്പടിയോടെ 140 റൺസെടുത്ത ബ്രേസ്വെല്ലിനെ അവസാന ഓവറിൽ ശാർദൂൽ ഠാക്കൂർ എൽബിയിൽ കുരുക്കിയതോടെ ഇന്ത്യ വിജയാരവം മുഴക്കുകയായിരുന്നു. ബ്രേസ്വെല്ലിന് ഉറച്ച പിന്തുണ നൽകിയ മിച്ചൽ സാന്റ്നർ 45 പന്തിൽ 5 റൺസുമായി മടങ്ങി. ന്യൂസിലൻഡിനായി ഓപ്പണർ ഫിൻ അലൻ 40 റൺസ് നേടി.
10 ഓവറിൽ 46 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ബൗളിംഗ് ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കുൽദീപ് യാദവും ശാർദുൽ ഠാക്കൂറും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ഷമിക്കും ഹർദ്ദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റ് ലഭിച്ചു.
Discussion about this post