തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര ബംപർ ആയ 16 കോടിയുടെ ലോട്ടറിയടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. എന്നാൽ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കിയയാൾ പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യർഥിച്ചിട്ടുണ്ട് . ഇതനുസരിച്ച് വിവരങ്ങൾ രഹസ്യമാക്കി വയ്ക്കുമെന്ന് വകുപ്പ് അറിയിച്ചു. വിവരാവകാശ അപേക്ഷ നൽകിയാലും ഇനി ആ ഭാഗ്യശാലിയുടെ വിവരങ്ങൾ ലഭിക്കില്ല.
പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനൻ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്. കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞുള്ള തുക ഒന്നാം സമ്മാനം നേടിയയാൾക്ക് ലഭിക്കും.
കഴിഞ്ഞ വർഷത്തെ തിരുവോണം ബംപറിന്റെ 25 കോടിയുടെ ഉടമ തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു. അപ്രതീക്ഷിത സൗഭാഗ്യത്തിൽ അനൂപിനെ സന്തോഷത്തിലാഴ്ത്തിയെങ്കിലും സഹായം ആവശ്യപ്പെട്ട് വരുന്നവരുടെ ശല്യം മൂലം അനൂപ് പൊറുതിമുട്ടിയിരുന്നു. വീടിന് പുറത്തേക്ക് ഇറങ്ങാനോ ഒരു സ്ഥലത്ത് പോകാനോ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ട് അനൂപ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.
Discussion about this post