മലപ്പുറം : സ്വന്തം മകളെ തട്ടിക്കൊണ്ട് പോയ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മലപ്പുറം മങ്കട കൂട്ടിൽ ചേരിയം സ്വദേശി അബ്ദുൽവാഹിദ് (33) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
എറണാകുളം ഐആർബി ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അബ്ദുൾ വാഹിദ്. ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന ഇയാൾ സ്‌കൂളിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ 18 നായിരുന്നു സംഭവം. സ്‌കൂളിലെത്തിയ ഇയാൾ മകളെ ബൈക്കിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു.
ഇതിന് പിന്നാലെ ഭാര്യ മഞ്ചേരി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഈ പരാതിയിന്മേലാണ് നടപടി. കുട്ടിയെ കൊണ്ടു പോകാൻ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അബ്ദുൾ വാഹിദിനെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. രണ്ടാഴ്ചത്തേയ്ക്ക് കോടതി ഇയാളെ റിമാൻഡ് ചെയ്തു.












