പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ കോട്ടയായ സരണിലെ പത്ത് മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മക്കളായ തേജ്പ്രതാപ് യാദവും തേജസ്വി യാദവും മത്സരിക്കുന്ന ഈ ഘട്ടം ലാലുവിന് നിര്‍ണായകമാണ്.
പട്‌ന, സരണ്‍, ബക്‌സര്‍, ഭോജ്പുര്‍, വൈശാലി, നളന്ദ ജില്ലകളിലെ 50 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയാണ് നളന്ദ. ഇവിടെ ഏഴുമണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. നഗരപ്രദേശങ്ങളും ഇടത്തരക്കാരും കൂടുതല്‍ ഉള്‍പ്പെടുന്ന ജില്ലകളായതിനാല്‍ ബി.ജെ.പി.ക്ക് ഈ ഘട്ടത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. 50 മണ്ഡലങ്ങളില്‍ 34 എണ്ണത്തിലും ബി.ജെ.പി. നേരിട്ടാണ് മത്സരിക്കുന്നത്.
തേജ്പ്രതാപ് മഹുവ മണ്ഡലത്തിലും തേജസ്വി രാഘോപുര്‍ മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഖിലേഷ് പ്രസാദ് സിങ്, നിയമസഭാ പ്രതിപക്ഷനേതാവായ നന്ദകിഷോര്‍ യാദവ്, ബി.ജെ.പി. ചീഫ് വിപ്പ് അരുണ്‍കുമാര്‍ സിന്‍ഹ, മന്ത്രിമാരായ ശ്യാം രജക്, ശ്രാവണ്‍ കുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ അമരേന്ദ്ര പ്രതാപ് സിങ് തുടങ്ങിയവര്‍ ജനവിധി തേടുന്നു.
മഹാസഖ്യത്തിനുവേണ്ടി 101 സീറ്റുകളില്‍ മത്സരിക്കുന്ന ആര്‍.ജെ.ഡി.യുടെ നിര്‍ണായക ഘട്ടവും ഇതുതന്നെ. അമ്പതില്‍ 27 സീറ്റുകളിലും ആര്‍.ജെ.ഡി. സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 71 സ്ത്രീകളുള്‍പ്പെടെ 808 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 14,170 പോളിങ് സ്റ്റേഷനുകളില്‍ 6,747 എണ്ണത്തെ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1,107 കമ്പനി അര്‍ധസൈനികരെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
Discussion about this post