( പെന്‍ഡ്രൈവ് )
നന്ദികേശന്
സത്യത്തില്‍ രാജ്യത്ത് ഇപ്പോള്‍ അത്യാവശ്യമായി വേണ്ടത് ശൌച്യാലയങ്ങളോ ആശുപത്രികളോ പള്ളിക്കൂടങ്ങളോ ഒന്നുമല്ല എന്ന് തോന്നുന്നു..!! ഇതൊക്കെ ഇല്ലെങ്കിലും നാട്ടുകാര്‍ക്ക് ജീവിച്ചു പോകാം..!! ഇപ്പോള്‍ വേണ്ടത് കുറെ മലപരിശോധനാ കേന്ദ്രങ്ങളാണ്..!! ഓരോ പഞ്ചായത്ത് വാര്‍ഡിലും ഒന്ന് എന്ന തോതില്‍ ഇതു വേണം..!! അതിരാവിലെ വാര്‍ഡ് അംഗങ്ങളെ പരിശോധിച്ച് തലേദിവസം എത്രപേര്‍ പശുവിറച്ചി കഴിച്ചു എന്ന ലിസ്റ്റ് പുറപ്പെടുവിച്ചശേഷം മാത്രമേ ആര്ഷസുന്ദരഭാരതത്തില് ഓരോ പുലരിയും പൊട്ടിവിരിയാവൂ..!! തലേദിവസം ഈ പറഞ്ഞ എല്ലാ മനുഷ്യരും ഭക്ഷണം കഴിച്ചിരുന്നോ എന്നൊന്നും പരിശോധിക്കണ്ടാ..!! പക്ഷെ മലത്തില്‍ പശുവിറച്ചി കാണരുത്..!!
ഉത്തരപ്രദേശത്തെയും ഹര്യാനയിലെയും കുടുംബങ്ങളില്‍ മാത്രമല്ല അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെ കേരളാഹൌസില്‍ പോലും പശുവിറച്ചി വിളമ്പിക്കില്ല എന്നാണ് തീവ്രഹിന്ദുക്കളുടെ പുതിയ നിലപാട്..!! ഡല്‍ഹിയില്‍ ഒരു പണിയുമില്ലാതെ കറങ്ങി നടക്കുന്ന കുറെ തീവ്രന്മാരുടെ മൂക്കിലെയ്ക്ക് നല്ല വെച്ച പശൂന്റെ മണം അടിച്ചുകേറി..!! പശുവിനെ ഗോമാതാവായി നിത്യവും ആരാധിക്കുന്നത് കൊണ്ടാവണം, പശുവിറച്ചി നല്ല മസാലയൊക്കെ ഇട്ടു തിളപ്പിച്ച മണം കേട്ടാല്‍ തീവ്രന്മാര്ക്ക് ഉടനെ സംഗതി മനസ്സിലാവും..!! മണം പിടിച്ചു വന്നെത്തിയത് കേരളാഹൗസിന്റെ അടുക്കളപ്പുറത്ത്..!! ഉടനെ ദല്‍ഹി പോലീസിനെ വിളിച്ചു കാര്യം പറഞ്ഞു..!! നാട്ടിലെ ബലാത്സംഗക്കാരെയൊക്കെ അടിച്ചമര്‍ത്തിയതിന്റെ ക്ഷീണത്തില്‍ കിടന്നു ഉറങ്ങുകയായിരുന്നെങ്കിലും വിഷയം ബീഫ് ആണ് എന്ന് കേട്ടതോടെ ഏമാന്മാര് എഴുന്നേറ്റു പല്ലുതേച്ച് കുളിച്ച് നേരെ കേരളാഹൗസിലെയ്ക്ക് ചെന്നു..!! കുറ്റവാളികളെ കണ്ടുപിടിക്കുന്നത് പോലെ കലത്തിന്റെ മൂടി തുറന്നു മണപ്പിച്ചു നോക്കി..!! പശുവോ പോത്തോ എന്ന് മനസ്സിലാവുന്നില്ല..!! ഈ സമയം കൊണ്ട് ഹൗസിന്റെ കാര്യക്കാരന്‍ വന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ പന്തിയില്‍ പോത്തിനെ വിളമ്പില്ല എന്നൊരു ബോര്‍ഡും തൂക്കി..!! സംഭവം ക്ലോസ്..!!
ദല്‍ഹിയില്‍ പശുവിനെ കൊല്ലുന്നതും പശുവിറച്ചി വില്‍ക്കുന്നതും വാങ്ങുന്നതും ഒക്കെ നിരോധിച്ചിട്ടുണ്ട്…!! പക്ഷെ പോത്തിനെ നിരോധിച്ചിട്ടില്ല..!! പ്രത്യേകിച്ച് പാരമ്പര്യമോ സംസ്കൃതിയോ ഒന്നും അവകാശപ്പെടാനില്ലാത്തത് കൊണ്ടാകാം, അതിനെ ആര്‍ക്കും വെട്ടാം, കൊല്ലാം, തിന്നാം..!! കേരളാഹൌസില്‍ പശുവിറച്ചി വില്‍ക്കുന്നു എന്ന പരാതി കിട്ടിയതിനെത്തുടര്‍ന്നു പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട അന്വേഷണം മാത്രമേ തങ്ങള്‍ നടത്തിയുള്ളൂ എന്നാണു ദല്‍ഹി പോലീസ് ഏമാന്മാരുടെ നിലപാട്..!! ഒരു സംസ്ഥാനത്ത് മറ്റൊരു സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ഉണ്ടെങ്കില്‍ അവിടെ നിലനില്‍ക്കുന്ന നിയമം ഏതായിരിക്കും എന്ന ഭരണഘടനാപരമായ ഒരു ചോദ്യം ഇവിടെ ഉയരുന്നു..!! ഉദാഹരണത്തിന് അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചിട്ടുള്ള കേരളത്തില്‍ നാളെ സിക്കിം സര്‍ക്കാര്‍ വന്നു അഞ്ചു സെന്റ് സ്ഥലം വാങ്ങി കെട്ടിടം പണിത് അവിടെ സിക്കിം ലോട്ടറി വില്പന തുടങ്ങിയാല്‍ അവിടെ കയറിച്ചെല്ലാനും നടപടിയെടുക്കാനും കേരളസര്‍ക്കാരിന് അധികാരമുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഭരണഘടനാവിദഗ്ധര്‍ പോലും കുഴങ്ങിപ്പോവുകയെയുള്ളൂ. ഇവിടെ ദല്‍ഹി സംസ്ഥാനത്തെ നിയമം നടപ്പാക്കാന്‍ ദല്‍ഹി പോലീസ് തൊപ്പിയും ബെല്‍റ്റും മുറുക്കി ഇറങ്ങിയപ്പോള്‍ നഷ്ടപ്പെട്ടത് മലയാളിയുടെ ആത്മാഭിമാനം ആണെന്നാണ് കേരള രാഷ്ട്രീയത്തിലെ നേതാക്കളുടെ പക്ഷം.. ഇതിന്റെ നിയമവശങ്ങളൊക്കെ അവിടെ നില്ക്കട്ടെ; എന്തായാലും സംഭവം തരക്കേടില്ലാത്ത മാനക്കേട് കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വെച്ചു കെട്ടിയിട്ടുണ്ട്; വിശേഷിച്ചും കേരളത്തില്‍..തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പിനു കേരളം ഒരുങ്ങുന്ന ഈ വേള തന്നെയാണ് ഈ വക കലാപരിപാടികള്‍ക്ക് ബെസ്റ്റ് ടൈം..!
ഇല്ലായ്മയില്‍ നിന്നും കഷ്ടപ്പെട്ട് പൊരുതി നേടിക്കൂട്ടിയ സമ്പത്ത് മുഴുവന്‍ ധൂര്‍ത്തരായ അടുത്ത തലമുറ നശിപ്പിക്കുന്നത് നോക്കിയിരിക്കേണ്ടി വരുന്ന ഹതഭാഗ്യനായ കാരണവരുടെ മുഖമാണ് ഈയിടെയായി നരേന്ദ്രമോദിയുടെ ചിത്രം കാണുമ്പോള്‍ ഓര്മ വരുന്നത്..!! പാവം, എന്തോരം കഷ്ടപ്പെട്ടാണ് രാജ്യഭരണത്തിലേയ്ക്ക് കാലെടുത്ത് കുത്തിയത് എന്ന് അദ്ദേഹത്തിനും അമിത്ഷായ്ക്കും മാത്രം അറിയാം. എന്നാല്‍ ഇതിനുശേഷം കുടുംബത്തില്‍ വളര്‍ന്നു വന്ന ആര്‍ഷഭാരതസംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാരായ യുവതലമുറ കാരണവരെ പൊതുജനമധ്യത്തില്‍ വൃത്തിയായി കുളിപ്പിച്ചു കിടത്തിയേ അടങ്ങൂ എന്ന വാശിയിലാണ് എന്ന് തോന്നുന്നു. സത്യത്തില്‍ പുറത്തുള്ള ശത്രുക്കളെക്കാള്‍ മോദി പേടിക്കേണ്ടത് അകത്ത് ചോറും പാലും കൊടുത്ത് വളര്‍ത്തുന്ന ഈ കുട്ടികളെയാണ്..
എന്തായാലും കേരളാഹൗസിലെ ബീഫ് മണം കൊണ്ട് വിപ്ലവാത്മകമായ ചില മാറ്റങ്ങള്‍ ഇങ്ങ് കേരളത്തിലുണ്ടായി എന്നതാണ് ശ്രദ്ധേയം..!! ‘ഡല്‍ഹിയില്‍ പശുവിറച്ചി മാത്രമേ നിരോധിച്ചിട്ടുള്ളൂ, പോത്തിറച്ചി നിരോധിച്ചിട്ടില്ല..പശുവിറച്ചിയെ ബീഫ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല..!!’ ഈ വാചകം പറഞ്ഞത് വി.മുരളീധരനോ ആര്.എസ്.എസ് സംഘചാലകോ അല്ല; സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം ശ്രീ പിണറായി വിജയന് തന്നെയാണ്…മുംബൈയില്‍ പശുവിറച്ചി നിരോധിച്ചതിന് കേരളത്തില്‍ എം.ബി രാജേഷ് ബീഫ് ഫെസ്റ്റ് നടത്തിയത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ‘പശുവും ബീഫും തമ്മില്‍ എന്ത് വ്യത്യാസം?’ എന്ന മട്ടില്‍ ഉത്തരം പറഞ്ഞവര്ക്കൊക്കെ ഡല്‍ഹിയില്‍ ബീഫ് മണം വന്നപ്പോള്‍ പെട്ടെന്ന് മനസ്സിലായി പശുവും ബീഫും രണ്ടാണ് എന്ന്..!! ഇനി രാജേഷും, കേരളവര്‍മ കോളേജില്‍ ബീഫ് വിളമ്പിയ എസ്.എഫ്.ഐ ശിങ്കക്കുട്ടികളും കഴിച്ച ബീഫ് മുഴുവന്‍ വായില്‍ വിരലിട്ട് ച്ഛര്‍ദ്ദിച്ച് കളയേണ്ടി വരുമോ ആവോ…?
Discussion about this post