ബംഗളൂരു: ഭർത്താവ് ആരോഗ്യവാനാണെങ്കിൽ ഭാര്യയിൽ നിന്നും ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഭാര്യയോട് ജീവനാശം നൽകാൻ ആവശ്യപ്പെട്ടാൽ ഭർത്താവിൻറെ അലസതയ്ക്ക് പ്രോത്സാഹനം നൽകുന്നതിനു സമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എം. നാഗ പ്രസന്നയുടേതാണ് വിധി പ്രസ്താവം.
ഹിന്ദു വിവാഹനിയമത്തിലെ 24-ാം വകുപ്പ് പ്രകാരം ജീവനാംശം അനുവദിക്കാനുള്ള നിയമം ലിംഗനീതി വ്യക്തമാക്കുന്നതാണ്. എങ്കിലും വൈകല്യമോ അവശതയോ ഇല്ലാത്ത ഭർത്താവിന് അത് അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. വിവാഹമോചിതയായ ഭാര്യയ്ക്ക് 10,000 രൂപ മാസം ജീവനാംശവും 25,000 രൂപ കോടതിചെലവും അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവിനെ ചോദ്യംചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.
ബംഗളൂരു റൂറൽ ജില്ലയിലെ സലുഹുനാസെ ഗ്രാമവാസിയായ ഹർജിക്കാരൻ ഭാര്യയിൽ നിന്ന് രണ്ട് ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെട്ടത്. കൊറോണ കാലത്ത് തന്റെ ജോലിനഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഭാര്യയിൽനിന്ന് തനിക്ക് ജീവനാംശവും കോടതിച്ചെലവും അനുവദിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടിരുന്നത്.
ഹർജിക്കാരൻ കഴിവുള്ള ആളാണെന്നും വൈകല്യമോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവിക്കുന്നില്ല എന്നതും വ്യക്തമാണ്.അങ്ങനെയിരിക്കെ, ഭാര്യയുടെ കൈയിൽ നിന്ന് ഭർത്താവിന് ജീവനാംശം നൽകുകയാണെങ്കിൽ, ഹിന്ദു വിവാഹ നിയമത്തിലെ 24-ാം വകുപ്പ് ജീവനാംശം നൽകുന്നതിന് ലിംഗഭേദമില്ലാത്തതിനാൽ, അത് ഭർത്താവിൻറെ അലസതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് അഞ്ജു ഗാർഗ് / ദീപക് കുമാർ ഗാർഗ് കേസിനെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.









