ന്യൂഡൽഹി: ഡോളറുമായുള്ള വിനിമയത്തിൽ കൂപ്പുകുത്തി പാകിസ്താൻ രൂപ. ഡോളറിനെതിരെ പാകിസ്താൻ രൂപയുടെ മൂല്യം 255 രൂപയായാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് ആവശ്യമായ വായ്പകൾ നേടിയെടുക്കാൻ എക്‌സ്‌ചേഞ്ച് റേറ്റിൽ അയവ് വരുത്തിയതോടെയാണ് മൂല്യം കുത്തനെ ഇടിഞ്ഞു. 24 രൂപയുടെ ഇടിവാണ് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് ഉണ്ടായത്.
കറൻസി റേറ്റിന്മേലുള്ള സർക്കാർ നിയന്ത്രണം ഒഴിവാക്കാനും മാർക്കറ്റ് അനുസരിച്ച് റേറ്റ് നിർണയിക്കാനും ഐഎംഎഫ് പാക് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ പാകിസ്താന് അനുവദിച്ച 6.5 ബില്യൺ ഡോളർ സഹായം ഐഎംഎഫ് മരവിപ്പിച്ചിരുന്നു. ഇത് എങ്ങനേയും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താൻ.
അതേസമയം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമായിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ വർദ്ധിച്ചു. ധാന്യപ്പൊടികൾ ഒരു പാക്കറ്റിന് 3000 രൂപ വരെയാണ് ചിലയിടങ്ങളിൽ ഈടാക്കുന്നത്. ഭക്ഷണത്തിന് വേണ്ടി ആളുകൾ വഴക്കിടുന്നതിന്റേയും ഭക്ഷണട്രക്കുകളെ പിന്തുടരുന്നതിന്റേയും വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈദ്യുതി വിതരണവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും മുടങ്ങി കിടക്കുകയാണ്.












