കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ. ഒമ്പത് പേർ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കുടുംബശ്രീ രജതജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം നൽകിയ പൊറോട്ടയും വെജിറ്റബിൾ കറിയും കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം.
ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡിൽ നിന്നാണ് പരിപാടിയ്ക്കായി ഭക്ഷണം വാങ്ങിയത്. കടയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. കഴിഞ്ഞ 9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തിന് ശേഷം ഹോട്ടൽ പൂട്ടിച്ചു.












