ആംസ്റ്റർഡാം: ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസണെ വീണ്ടും കുഴപ്പിച്ച് ഇന്ത്യയുടെ ചെസ് മാന്ത്രികൻ രമേഷ്ബാബു പ്രജ്ഞാനന്ദ. എൺപത്തിയഞ്ചാമത് ടാറ്റ സ്റ്റീൽ ചെസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ പ്രജ്ഞാനന്ദ കാൾസണെ സമനിലയിൽ പൂട്ടി.
തന്റെ പ്രകടനം നിരാശാജനകമായിരുന്നുവെന്ന് മത്സര ശേഷം കാൾസൺ സ്വയം സമ്മതിച്ചു. പ്രജ്ഞാനന്ദ നന്നായി പ്രതിരോധിച്ചുവെന്നും, അവസാന ഘട്ടങ്ങളിൽ ആത്മവിശ്വാസം കൈമോശം വന്നുവെന്നും കാൾസൺ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ, എയർതിംഗ്സ് മാസ്റ്റേഴ്സിൽ പ്രജ്ഞാനന്ദ മാഗ്നസ് കാൾസണെ അട്ടിമറിച്ചിരുന്നു. തന്നെ തോൽപ്പിക്കാൻ ആരുമില്ലെന്ന കാൾസൺന്റെ വെല്ലുവിളിയെ സമർത്ഥമായി നേരിട്ട പ്രജ്ഞാനന്ദ നേടിയ വിജയം ചെസ് ലോകം ആഘോഷമാക്കിയിരുന്നു. 2013ൽ ലോക ചാമ്പ്യൻ പട്ടം നേടിയ കാൾസണെ പരാജയപ്പെടുത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡും പ്രജ്ഞാനന്ദ അന്ന് സ്വന്തമാക്കിയിരുന്നു.
അതിന് ശേഷം മെയ് മാസത്തിൽ നടന്ന മെൽറ്റ്വാട്ടർ ചാമ്പ്യൻസ് ചെസ് മാസ്റ്റേഴ്സ് ടൂർണമെന്റിലും പ്രജ്ഞാനന്ദ കാൾസണെ പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ എഫ് ടി എക്സ് ക്രിപ്റ്റോ കപ്പിന്റെ ഫൈനൽ റൗണ്ടിലും വാശിയേറിയ പോരാട്ടത്തിനൊടുവിൽ പ്രജ്ഞാനന്ദ കാൾസണെ വീഴ്ത്തിയിരുന്നു. ലോക ഒന്നാം നമ്പർ താരത്തിനെതിരായ പ്രജ്ഞാനന്ദയുടെ മൂന്നാം വിജയമായിരുന്നു ഇത്.
തമിഴ്നാട് സ്വദേശിയായ പ്രജ്ഞാനന്ദ 2018ലാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഗ്രാൻഡ് മാസ്റ്ററാകുന്ന രണ്ടാമത്തെ താരമാണ് ഈ മിടുക്കൻ. 2013ൽ വേൾഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് വിജയിച്ച പ്രജ്ഞാനന്ദ, ഏഴാം വയസിൽ ഫിഡെ മാസ്റ്റർ പദവിയും സ്വന്തമാക്കിയിരുന്നു.








