ജനീവ : ന്യൂനപക്ഷ പീഡനം, തട്ടിക്കൊണ്ട് പോകൽ, നിർബന്ധിത മതപരിവർത്തനം, ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പാകിസ്താൻ ഉടൻ അവസാനിപ്പിക്കണമെന്ന താക്കീതുമായി ഇന്ത്യ. രാജ്യത്തെ മനുഷ്യാവകാശം വഷളായതായി ഇന്ത്യൻ നയതന്ത്രജ്ഞൻ പവൻ ബധേ ചൂണ്ടിക്കാട്ടി. സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ഭരണകൂടം ലക്ഷ്യമിടുന്നത് ഉടൻ അവസാനിപ്പിക്കണം. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താന്റെ മനുഷ്യാവകാശ റെക്കോർഡ് അവലോകനത്തിൽ സംസാരിക്കവേയാണ്, ജനീവയിലെ പെർമനന്റ് മിഷൻ ഓഫ് ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി പവൻ ബാഡെ തുറന്നടിച്ചത്.
ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം, മതനിന്ദ നിയമങ്ങളുടെ ദുരുപയോഗം, ന്യൂനപക്ഷ സമുദായത്തിലെ പെൺകുട്ടികളുടെ നിർബന്ധിത മതപരിവർത്തനം എന്നിവ അവസാനിപ്പിക്കാൻ ഇന്ത്യ പാകിസ്താനോട് ശുപാർശ ചെയ്യുന്നു. സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിൽ രാഷ്ട്രീയ വിമതരെയും രാഷ്ട്രീയ പ്രവർത്തനങ്ങളെയും ലക്ഷ്യം വയ്ക്കുന്നത് നിർത്തണമെന്നും പവൻ ബാധേ പറഞ്ഞു.
ബലൂചിസ്താൻ, സിന്ധ്, ഖൈബർ പഖ്തൂൺഖ്വ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ രാഷ്ട്രീയ അടിച്ചമർത്തലിനും പീഡനത്തിനും ഇരയാവുകയാണ്. മനുഷ്യാവകാശ പ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും മാദ്ധ്യമപ്രവർത്തകരെയും നിയമവിരുദ്ധമായ തട്ടിക്കൊണ്ടുപോകുക, തടങ്കലിൽ വെയ്ക്കുക, പീഡിപ്പിക്കുക എന്നീ പ്രവൃത്തികൾ ഭരണകൂട നയങ്ങളായി മാറിയിരിക്കുന്നു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് പുറപ്പെടുന്ന ഭീകരതയ്ക്കെതിരെ സുസ്ഥിരമായ നടപടി സ്വീകരിക്കാനും പാകിസ്താനോട് ആവശ്യപ്പെട്ടു.
Discussion about this post