ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവ്. ബൊക്കെയുമായി എത്തിയ സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ഊർജ്ജസ്വലനായ യുവാവ്, മിസ്റ്റർ 360 ഡിഗ്രിയെന്നാണ് യുവതാരത്തെ യോഗി വിശേഷിപ്പിച്ചത്. ലക്നൗവിൽ വച്ച് നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് സൂര്യകുമാർ യാദവ് തന്റെ പ്രിയ നേതാക്കളിലൊരാളായ യോഗിയെ വസതിയിലെത്തി സന്ദർശിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും സംഘവും താരങ്ങളെ പ്രോത്സാഹിപ്പിക്കാനായി സ്റ്റേഡിയത്തിൽ നേരിട്ടെത്തിയിരുന്നു.കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറെയും ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും അദ്ദേഹം സന്ദർശിച്ച് കുശലാന്വേഷണം നടത്തിയിരുന്നു.
ലക്നൗവിലെ രണ്ടാം ടി20യിൽ 30 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് കളിയിലെ താരമായത്. 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അവസാന രണ്ട് പന്തിൽ മൂന്ന് റൺസായിരുന്നു ജയിക്കാൻ ആവശ്യമായിരുന്നത്. അവസാന ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തിയാണ് സൂര്യകുമാർ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.
Discussion about this post