കോട്ടയം: ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചിന്ത ജെറോമിനെതിരായ പിസി ജോർജിന്റെ പാരമർശം വിവാദത്തിൽ. പി.സി ജോർജിന്റേത് സ്ത്രീവിരുദ്ധ പരാമർശമാണെന്നാണ് ഉയരുന്ന ആക്ഷേപം. ‘ചിന്തയുടെ കൊല അപകടകരമായ കൊല’ യാണെന്ന് ആയിരുന്നു പി.സി ജോർജിന്റെ പരാമർശം.
ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാദ്ധ്യമ പ്രവർത്തകരോട് ചിന്ത ജെറോം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ചിന്തയ്‌ക്കെതിരായ പി.സി ജോർജിന്റെ പരാമർശം. ‘ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊലയാണ്. പെണ്ണുമ്പിള്ളേ ആദ്യം പള്ളിക്കുടത്തിൽ പഠിക്കാൻ പോകണം. എന്നിട്ട് വേണം പിഎച്ച്ഡിയും കൊണ്ട് നടക്കാൻ. എന്ത് മോശം കാര്യമാണ് ചെയ്യുന്നത്. എനിക്ക് ചിന്തയോട് യാതൊരു വിരോധവും ഇല്ല. എന്റെ പെങ്ങളെപോലെയാണ്.
വാഴക്കുല എന്താണെന്ന് അറിയാത്ത ചിന്തയ്ക്ക് പിഎച്ച്ഡി കൊടുത്തവരെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. സാഹിത്യകാരന്മാരെ അസ്ഥാനത്ത് വച്ചോണ്ട് നടക്കുന്നത് നല്ലതല്ല. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ ചിന്തിക്കണം. നാണക്കേടാണ് ഇത്. നമ്മുടെ ചെറുപ്പക്കാർ മാനസികമായി അധ:പതിച്ചിരിക്കുന്നുവെന്നും പി.സി ജോർജ് വ്യക്തമാക്കി.
അതേസമയ തനിക്ക് സംഭവിച്ചത് മാനുഷിക പിഴവാണെന്നയിരുന്നു വാർത്താ സമ്മേളനത്തിൽ ചിന്തയുടെ വിശദീകരണം. തെറ്റ് ചൂണ്ടിക്കാട്ടിയവർക്ക് നന്ദി. തെറ്റ് തിരുത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കോപ്പിയടിച്ചിട്ടില്ല. ആശയങ്ങൾ പകർത്തുക മാത്രമാണ് ചെയ്തതെന്നും ചിന്ത പ്രതികരിച്ചു.
Discussion about this post