ന്യൂഡൽഹി: രാജ്യത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്ത് പകർന്ന് രണ്ടാം മോദി സർക്കാരിന്റെ നിർണായക ബജറ്റ്. ആരോഗ്യമേഖലയിലെ ഗവേഷണം കൂടുതൽ വിപുലമാക്കുമെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. മത്സ്യരംഗത്തെ വികസനത്തിനായി ആറായിരം കോടി രൂപയും കേന്ദ്രസർക്കാർ നീക്കിവച്ചിട്ടുണ്ട്.
ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയത് മുതൽ ഇതുവരെ 157 മെഡിക്കൽ കോളേജുകളാണ് നിർമ്മിച്ചത്. ഇതിന് അനുബന്ധമായി മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജ്ജനം ചെയ്യുമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി പിഎംപിബിടിജി ഡെവലപ്‌മെന്റ് മിഷൻ ആരംഭിക്കും. ഇതിന്റെ നടത്തിപ്പിനായി 15,000 കോടി മാറ്റിവച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് നടപ്പിലാക്കുമെന്ന് നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു. കുട്ടികളിലും കൗമാരക്കാരിലും വായനാ ശീലം വളർത്തുന്നതിനായി ഡിജിറ്റൽ ലൈബ്രറികൾ സ്ഥാപിക്കും. കൂടുതൽ ഏകലവ്യ സ്‌കൂളുകൾ രാജ്യത്ത് സ്ഥാപിക്കും. ഇവിടങ്ങളിൽ 38800 അദ്ധ്യാപകരെ നിയമിക്കുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു.








