ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഭക്ഷ്യധാന്യ വിതരണ പദ്ധതിയായ പിഎം ഗരീബ് കല്ല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. അന്ത്യോദയ ഉപഭോക്താക്കളായ എല്ലാവർക്കും ഇതിന്റെ ഗുണം ലഭിക്കും. 81 കോടി ജനങ്ങൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് പദ്ധതി. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് പൂർണമായും കേന്ദ്രസർക്കാർ വഹിക്കും.
ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പ്രതിജ്ഞാബദ്ധതയെ കുറിച്ചും ധനമന്ത്രി എടുത്തു പറഞ്ഞു. കൊറോണ മഹാമാരിയുടെ സമയത്താണ് രാജ്യത്തെ ജനങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനുള്ള ഈ പദ്ധതി ആരംഭിച്ചത്. 80 കോടിയിലധികം ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്. പിഎം ഗരീബ് കല്ല്യാൺ യോജന നടപ്പാക്കുന്നത് വഴി ആളുകൾ പട്ടിണി കിടക്കുന്നത് ഒഴിവാക്കാൻ സാധിച്ചുവെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
Discussion about this post