ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. പതിവു തെറ്റിക്കാതെ ഇത്തവണയും ദേശീയ ചിഹ്നം പതിച്ച ചുവന്ന പട്ട് ബാഗിലാണ് കേന്ദ്രമന്ത്രി ബജറ്റ് രേഖകൾ കൊണ്ടുവന്നത്. കടലാസ് രഹിത ബജറ്റ് അവതരണമാണ് ഇത്തവണയും.
സാധാരണക്കാർക്കും ബജറ്റ് വിവരങ്ങൾ കൃത്യമായി അവലോകനം ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഇത്തവണയും മൊബൈൽ ആപ്പിൽ വിവരങ്ങൾ സജീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് മുഴുവൻ ബജറ്റ് രേഖയും പ്രത്യേകം തയറാക്കിയ മൊബൈൽ ആപ്പിൽ ലഭ്യമാകും.
ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്സിന്റെ (DEA) മാർഗനിർദേശപ്രകാരം സർക്കാരിന്റെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) ആണ് 2021-ൽ ആപ്പ് വികസിപ്പിച്ചെടുത്തത്.
യൂണിയൻ ബജറ്റ് മൊബൈൽ ആപ്പ് എന്ന് പ്ലേ സ്റ്റോറിലോ ഐഒസ് സ്റ്റോറിലോ സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ ബജറ്റ് ഹിന്ദിയിലും ഇംഗ്ലീഷിലും ലഭ്യമാകും.
ബജറ്റിന്റെ പൂർണ രൂപം, ബജറ്രിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ, ബജറ്റ് പ്രസംഗം, സാമ്പത്തിക റിപ്പോർട്ടുകൾ,ഫിനാൻസ് ബിൽ, വാർഷിക സാമ്പത്തിക റിപ്പോർട്ട്, വരുമാനം,ചെലവ്, എന്നിവയെല്ലാം പ്രത്യേകം ലഭ്യമാകും. ആവശ്യമുള്ള വിവരങ്ങൾ സെർച്ച് ചെയ്യാൻ സെർച്ച് ബാറും ലഭ്യമാണ്. ആപ്പ് ഉപയോഗിക്കാൻ വ്യക്തിഗത വിവരങ്ങൾ നൽകുകയോ സെൻഇൻ ചെയ്യുകയോ വേണ്ട.
Discussion about this post