മലപ്പുറം: വ്യാജസ്വർണം പണയപ്പെടുത്തി മൂന്നുലക്ഷം രൂപ തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ. മലപ്പുറം ജില്ലാ സെക്രട്ടറി സുധീഷ് പൂക്കാട്ടിരി(40)യെയാണ് കാസർകോട് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കാഞ്ഞങ്ങാട് സൗത്തിലെ അനിൽകുമാർ (39), രാജപുരം കള്ളാർ സ്വദേശി ഷറഫുദ്ദീൻ (35) എന്നിവർ കഴിഞ്ഞവർഷം നവംബർ രണ്ട്, 11 തീയതികളിൽ കാഞ്ഞങ്ങാട്ടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തി സ്വർണം പണയം വച്ച് പണം തട്ടുകയായിരുന്നു. ഇരുവർക്കും സ്ലർണം കൊടുത്തേൽപ്പിച്ചത് സുധീഷ് ആണെന്നാണ് വിവരം.
48.5 ഗ്രാം പണയപ്പെടുത്തി അനിൽകുമാർ 1.60 ലക്ഷം രൂപയും 40.8 ഗ്രാം പണയപ്പെടുത്തി ഷറഫുദ്ദീൻ 1.40 ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്. സംശയം തോന്നി ഈ ആഭരണങ്ങൾ കൂടുതൽ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസിലായത്. തുടർന്ന് കേസെടുത്ത ഹൊസ്ദുർഗ് പോലീസ് ഷറഫുദ്ദീനെയും അനിൽകുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സുധീഷിനെ അറസ്റ്റ് ചെയ്തത്.
Discussion about this post