ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായി സ്ഥാപകദിനം ആഘോഷിക്കാൻ ഒരുങ്ങി സുപ്രീം കോടതി. ഫെബ്രുവരി നാലിനാണ് 73-ാം സ്ഥാപകദിനാഘോഷം. ചടങ്ങിൽ ഇന്ത്യൻ വംശജനായ സിംഗപ്പൂർ ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോൻ മുഖ്യാതിഥിയായി പങ്കെടുക്കും. മാറുന്ന ലോകത്ത് ജുഡീഷ്യറിയുടെ പങ്ക് എന്ന വിഷയത്തിൽ അദ്ദേഹം സെമിനാറിലും പങ്കെടുക്കും.ചടങ്ങിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ സ്വാഗത പ്രസംഗവും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസംഗവും ഉണ്ടായിരിക്കും
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് സ്ഥാപക ദിനാഘോഷം സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്.എല്ലാ വർഷവും നവംബർ 26 ന് സുപ്രീം കോടതി ഭരണഘടനാ ദിനം സംഘടിപ്പിക്കുന്നതിനാൽ, മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജുഡീഷ്യറി എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് രാജ്യത്തിന് മുന്നിൽ കാണിക്കുന്നത് നല്ല ആശയമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചടങ്ങ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതിലൂടെ പൗരന്മാർക്ക്, പ്രത്യേകിച്ച് യുവതലമുറയ്ക്ക് ഇന്ത്യൻ ജുഡീഷ്യറിയെക്കുറിച്ച് കൂടുതലറിയാനും സാധിക്കുമെന്നാണ് കരുതുന്നത്. 1950 ജനുവരി 28 നാണ് സുപ്രീം കോടതി നിലവിൽ വന്നത്.









