കൊച്ചി: പെറ്റ്‌ഷോപ്പിൽ നിന്നും വിലകൂടിയ നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് ഉടമ മുഹമ്മദ് ബാഷിദ്. നായ്ക്കുട്ടിയെ തിരിച്ചുകിട്ടിയതുകൊണ്ട് ഇനി കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് ബാഷിദ് കോടതിയെ അറിയിച്ചത്.
സംഭവത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചു. ഉഡുപ്പി സ്വദേശികളായ നിഖിൽ, ശ്രേയ എന്നിവർക്കാണ് എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിജാമ്യം നൽകിയത്. നായ്ക്കുട്ടിയെ ഉടമയ്ക്ക് വിട്ടുനൽകി.
ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. നെട്ടരൂരിലെ പെറ്റ് ഷോപ്പിൽ നിന്ന് നായക്കുട്ടിയെ കടത്തിയതിന് പിന്നാലെ വൈറ്റിലയിലുള്ള മറ്റൊരു പെറ്റ് ഷോപ്പിൽനിന്ന് ഇരുവരും ഡോഗ് ഫുഡ് മോഷ്ടിച്ചിരുന്നു. മറ്റൊരു കടയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടെ ഉടമ വന്നതിനാൽ 115 രൂപ ഗൂഗിൾ പേ ചെയ്ത് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.
ആലപ്പുഴ സ്വദേശിക്ക് വിൽക്കാനായി സ്വിഫ്റ്റ് ഇനത്തിൽ പെട്ട മൂന്ന് നായക്കുട്ടികളെയാണ് പെറ്റ് ഷോപ്പ് ഉടമ കടയിലെത്തിച്ചത്. ജീവനക്കാരൻ അറിയാതെ ഇവർ 45 ദിവസം പ്രായമായ നായക്കുട്ടിയെ എടുത്ത് ഹെൽമറ്റിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരും പോയതിനു പിന്നാലെ നായക്കുട്ടിയെ വാങ്ങിക്കുന്നതിന് ആലപ്പുഴ സ്വദേശി എത്തിയപ്പോഴാണ് ഒരെണ്ണത്തിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഓടിപ്പോയെന്ന നിഗമനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. മോഷണദൃശ്യങ്ങൾ കണ്ടതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post