വയനാട്: ലക്കിടി നവോദയ വിദ്യാലയത്തിൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലാകാൻ കാരണം ഭക്ഷ്യവിഷബാധയല്ലെന്ന് റിപ്പോർട്ട്. നോറോ വൈറസ് ബാധ മൂലമാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടായത്. സ്കൂളിലെ 98 വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം അസുഖ ലക്ഷണങ്ങളോടെ ചികിത്സ തേടിയത്.
ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. എത്ര കുട്ടികൾക്ക് വൈറസ് ബാധയേറ്റു എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്കൂളിലെ ജല സ്രോതസ്സിൽ നിന്നാണ് കുട്ടികൾക്ക് വൈറസ് ബാധയുണ്ടായത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.
വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടികൾ ചികിത്സ തേടിയത്. ഛർദ്ദിയും വയറുവേദനയുമായിരുന്നു ലക്ഷണങ്ങൾ. 500ലെറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണ് ലക്കിടി ജവഹർ നവോദയ വിദ്യാലയം. സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളാണ് എല്ലാവരും.
Discussion about this post