ദുബായ്: പാകിസ്താൻ മുൻ പ്രസിഡന്റും പട്ടാള മേധാവിയും ആയിരുന്ന ജനറൽ പർവേസ് മുഷറഫ്(79) മരിച്ചു. ദുബായിലെ ആശുപത്രിയിൽ ഏറെ നാളായി ചികിത്സയിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 1999 ൽ പട്ടാള അട്ടിമറിയിലൂടെ പാകിസ്താന്റെ ഭരണം പിടിച്ചെടുത്ത് ഏറെ കാലം രാജ്യം ഭരിച്ച പർവേസ് ശിക്ഷ ഭയന്ന് ദുബായിലേക്ക് കടന്നതായിരുന്നു. കാർഗിൽ യുദ്ധത്തിന്റെ കാരണക്കാരനായ ഇയാൾ പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിന്റെ ഉത്തരവാദി കൂടിയാണ്. നിരവധി രാജ്യദ്രോഹക്കുറ്റങ്ങളാണ് പർവേസിന് മേൽ ചുമത്തപ്പെട്ടിട്ടുള്ളത്.
മാസങ്ങൾക്ക് മുൻപ് പർവേസ് മുഷറഫ് അന്തരിച്ചെന്ന വാർത്ത പുറത്തുവന്നിരുന്നു. വ്യാജ വാർത്തയാണ് പ്രചരിക്കുന്നതെന്നും പർവേസ് ചികിത്സയിലാണെന്നും കുടുംബം വ്യക്തമാക്കുകയായിരുന്നു.
പാകിസ്താൻ അമ്പേ പരാജയപ്പെട്ട 1999 ലെ കാാർഗിൽ യുദ്ധത്തിന് നേതൃത്വം നൽകിയതും ഇയാളായിരുന്നു. ഇന്ത്യൻ സർക്കാരും അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാക് സൈനിക മേധാവിയായിരുന്ന പർവേസിന്റെ നേതൃത്വത്തിൽ പാക് സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തിയത്.
പട്ടാളഭരണത്തിലൂടെ അധികാരത്തിലേറിയ ഇയാൾ രാജ്യത്ത് ജനാധിപത്യം നിർത്തലാക്കി ശരിഅത്ത് പ്രകാരം ഭരണം നടത്താനായിരുന്നു തീരുമാനിച്ചത്. രാജ്യത്ത് പ്രതിഷേധങ്ങൾ കനത്തതോടെ 2007 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജഡ്ജിമാരുൾപ്പെടെ നിരവധി പേരെ ജയിലടയ്ക്കുകയും ചെയ്തു. 2008 ൽ അധികാരം ഒഴിഞ്ഞ പർവേസിനെ 2013 ലാണ് പാക് പോലീസ് പിടികൂടിയത്. തുടർന്ന് ഏറെ കാലം വീട്ടുതടങ്കലിൽ പാർപ്പിച്ചെങ്കിലും ഇയാൾ വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു.
Discussion about this post