ശ്രീനഗർ: ജമ്മുവിലെ കൈയ്യേറ്റം ഒഴിപ്പിക്കലിനെതിരെ ജമ്മു ആന്റ് കശ്മീർ പീപ്പിൾസ് കോൺഫറൻസ് അദ്ധ്യക്ഷൻ സജാദ് ലോൺ രംഗത്ത്. ബുൾഡോസറുകളല്ല ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്നും സ്‌നേഹവും അനുകമ്പയുമാണെന്നും സജാദ് ലോൺ പറഞ്ഞു. കൈയ്യേറ്റം ഒഴിപ്പിക്കൽ ആളുകളെ ഭവന രഹിതരാക്കുമന്ന വാദവും സജാദ് ലോൺ മുന്നോട്ടുവെച്ചു.
ജമ്മു ഡിവിഷനിലാണ് ഭരണകൂടം അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കൽ ആരംഭിച്ചത്. 23,000 ഹെക്ടറോളം വൻകിട കൈയ്യേറ്റക്കാർ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ പണക്കാരെ ലക്ഷ്യമിട്ട് തുടങ്ങുന്ന ഒഴിപ്പിക്കൽ ഒടുവിൽ പാവങ്ങളിലേക്ക് എത്തുമെന്ന് പറഞ്ഞാണ് സജാദിന്റെ വിലാപം.
നേരത്തെ ഡെമോക്രാറ്റിക് ആസാദ് പാർട്ടി നേതാവ് ഗുലാം നബി ആസാദ് കേന്ദ്രമന്ത്രി അമിത് ഷായുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ ചെറുകിട ഭൂ ഉടമകളെ തൊടില്ലെന്നും വൻകിടക്കാരെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഗുലാം നബി ആസാദ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. സാധാരണക്കാരുടെ അനിശ്ചിതാവസ്ഥ ഒഴിവാക്കാൻ കൈക്കൊണ്ട നടപടികൾക്ക് അമിത് ഷായ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം നടപടി നേരിടുന്നവർക്ക് മുൻകൂർ നോട്ടീസ് നൽകണമെന്നും അവരുടെ ഭാഗം കേൾക്കാൻ തയ്യാറാകണമെന്നും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുളള ആവശ്യപ്പെട്ടിരുന്നു. അവസാന പ്രയോഗമായിരിക്കണം ബുൾഡോസർ എന്നും ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post