ന്യൂയോർക്ക് : പൊതുവേദിയിൽ വെച്ച് ആക്രമണം നേരിട്ടതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദി തന്റെ അവസ്ഥ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് ഇനിയും തനിക്ക് വിട്ടുമാറാൻ സാധിച്ചിട്ടില്ലെന്നും തന്നെയത് വൈകാരികമായി തളർത്തിയെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (ജഠടഉ) അനുഭവിക്കേണ്ടി വന്നതായും 75 കാരനായ എഴുത്തുകാരൻ വെളിപ്പെടുത്തി.
” എഴുതാൻ വളരെ ബുദ്ധിമുട്ടാണ്. എപ്പോൾ എഴുതാൻ ഇരുന്നാലും ഒന്നും സംഭവിക്കാത്ത അവസ്ഥയാണ്. മുഴുവൻ ശൂന്യത. എന്തെല്ലാം കുത്തിക്കുറിച്ചാലും അടുത്ത ദിവസം അത് കീറിക്കളയും. ആ അന്ധകാരത്തിൽ നിന്ന് ഇതുവരെ എനിക്ക് പുറത്തുകടക്കാനായിട്ടില്ല” അദ്ദേഹം വെളിപ്പെടുത്തി.
മുറിവുകൾ ഭേദമായിക്കൊണ്ടിരിക്കുന്നു. കൈയ്ക്കും വിരലുകൾക്കും വേണ്ടി ധാരാളം തെറാപ്പികൾ ചെയ്യുന്നുണ്ട്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാരും പറയുന്നുണ്ട്. ‘ഞാൻ ഭാഗ്യവാനാണ്. ഇപ്പോൾ ശരിക്കും നന്ദിപറയാൻ ആഗ്രഹിക്കുകയാണ്. എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയും.” അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 6-ന് ന്യൂയോർക്കർ മാദ്ധ്യമത്തിൽ റുഷ്ദിയുടെ പുതിയ പുസ്തകമായ ‘വിക്ടറി സിറ്റി’യെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും പങ്കുവെച്ചിരുന്നു.
2022 ഓഗസ്റ്റ് 12-ന്, അപ്സ്റ്റേറ്റ് ന്യൂയോർക്കിലെ ഒരു കോൺഫറൻസിൽ പ്രസംഗിക്കാൻ പോകുന്നതിനിടെയാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. 24 കാരനായ ഹാദി മതർ അദ്ദേഹത്തെ കുത്തിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.












