ന്യൂഡൽഹി : പാകിസ്താനിൽ നിരോധിച്ച ”ജോയ്‌ലാന്റ്” എന്ന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഓസ്‌കറിനുള്ള പാകിസ്താന്റെ ഔദ്യോഗിക എൻട്രിയായ ചിത്രമാണ് രാജ്യത്ത് റിലീസ് ചെയ്യുന്നത്. മാർച്ച് 10 നാണ് ചിത്രം രാജ്യത്ത് പുറത്തിറങ്ങുന്നത്. ഇതോടൊപ്പം മറ്റ് വിദേശരാജ്യങ്ങളിലും ജോയ്‌ലാന്റ് റിലീസ് ചെയ്യും. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഇക്കാര്യം അറിയിച്ചത്.
സ്വവർഗാനുരാഗികളുടെ കഥയാണ് ജോയ്‌ലാന്റ് പറയുന്നത്. അതുകൊണ്ട് തന്നെ പാകിസ്താനിൽ റിലീസിന് മുൻപേ ഈ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തി. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ആദ്യ പാകിസ്താനി ചിത്രം കൂടിയാണിത്. കാൻ ഫിലിം ഫെസ്റ്റിവലിലെ ജൂറി പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു. ലോകമെമ്പാടുമുള്ള സിനിമാ ആരാധകരിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
പാകിസ്താനിൽ നിന്ന് ആദ്യമായി ഓസ്‌കർ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ചിത്രമാണിത്. ‘മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം’ വിഭാഗത്തിലാണ് ജോയ്‌ലാന്റ് നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
കഴിഞ്ഞ നവംബർ 18ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം, സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കേറ്റ് നേടിയിരുന്നു. എന്നാൽ റിലീസിന് മുമ്പുതന്നെ നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇതിനെ എതിർക്കാൻ തുടങ്ങി. രാജ്യത്തിന്റെ ‘ധാർമ്മികവും സാമൂഹികവുമായ ആശയങ്ങൾക്ക്’ വിരുദ്ധമാണെന്നാണ് വിമർശകർ ആരോപിച്ചത്. ‘ജോയ്ലാന്റി’നെ കുറിച്ച് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ റിലീസ് വിലക്കിയത്. എന്നാൽ ഈ വിലക്കിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർന്നു. സിനിമയുടെ നിരോധനത്തെ ‘ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണ്’ എന്നാണ് സംവിധായകൻ സാം സാദിഖ് പറഞ്ഞത്. തുടർന്നാണ് ഇത് വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്യാനൊരുങ്ങുന്നത്.
ഇന്ത്യ കൂടാതെ സ്‌പെയിൻ, യുകെ, സ്വിറ്റസർലാന്റ്, ബെനിലക്‌സ്, യുഎസ്, എൽഎ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലാണ് റിലീസ്.
Discussion about this post