തിരുവനന്തപുരം: മലയാള ഭാഷാനിയമം കൊണ്ടുവരാതെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ആദരിക്കേണ്ടെന്ന് മലയാളത്തിന്റെ സാഹിത്യ നായകര്‍. ദീര്‍ഘനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന മലയാള ഭാഷാനിയമം നടപ്പില്‍വരുത്താതെ ഭാഷയുടെ പേരില്‍ ആദരിക്കപ്പെടുന്നതില്‍ സന്തോഷമില്ലെന്ന് കവയത്രി സുഗതകുമാരി പറഞ്ഞു. ഭാഷാനിയമം കൊണ്ടുവന്നശേഷം ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിലാണ് തൃപ്തി. എം.ടി. യും ഇക്കാരണത്താല്‍ തന്നെ താത്പര്യക്കുറവ് പറഞ്ഞതായാണ് മനസ്സിലാക്കുന്നതെന്നും സുഗതകുമാരി പറഞ്ഞു.
ശ്രേഷ്ഠഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ നാലിന് എം.ടി. വാസുദേവന്‍നായരെയും സുഗതകുമാരിയെയും ആദരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. വീണ്ടുമൊരു കേരളപ്പിറവി ദിനം വന്നുചേരുമ്പോഴും മലയാള ഭാഷാനിയമം നിലവില്‍ വരാതിരിക്കുന്നതില്‍ ഐക്യമലയാള പ്രസ്ഥാനം പ്രതിഷേധിച്ചു. 2013 മാര്‍ച്ചില്‍ കെ.പി. രാമനുണ്ണി ഇതിനായി നിരാഹാരം അനുഷ്ഠിച്ചിരുന്നു.
കേരളപ്പിറവി ദിനമായ ഇന്ന് ഐക്യമലയാളപ്രസ്ഥാനം സെക്രട്ടേറിയറ്റ് പടിക്കല്‍ ഈയാവശ്യം ഉന്നയിച്ച് പ്രതിഷേധപരിപാടി നടത്തും. എല്ലാ പാഠ്യപദ്ധതികളിലുമുള്ള സ്‌കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധമാക്കുക, എല്ലാ ഹയര്‍ സെക്കന്‍ഡറിയിലും മലയാളം പഠിക്കാന്‍ അവസരമുണ്ടാക്കുക, പി.എസ്.സി., പ്രവേശന പരീക്ഷകള്‍ മലയാളത്തിലും എഴുതാന്‍ സൗകര്യമുണ്ടാക്കുക, പ്രൊഫഷണല്‍ കോഴ്‌സ് ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസത്തിലും മലയാളം ഒരു വിഷയമായി പഠിക്കണമെന്ന് നിഷ്‌കര്‍ഷിക്കുക, മലയാള ഭാഷാ വികസന വകുപ്പും ഡയറക്ടറേറ്റും രൂപവത്കരിക്കുക എന്നിവയാണ് മലയാളഭാഷാ കരട് ബില്ലിലെ വ്യവസ്ഥകള്‍.
മലയാളത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നതെന്ന് ഒ.എന്‍.വി., സുഗതകുമാരി എന്നിവര്‍ ചോദിച്ചു. മലയാള നിയമത്തെ ആരാണ് എതിര്‍ക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരെതിര്‍ത്താലും മലയാളത്തിനെതിരായ ശക്തികളെ നിലയ്ക്കുനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലേ ? രാജ്യത്തെയും ജനതയെയും ഭാഷാസംസ്‌കാരത്തെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഈ ധര്‍മ്മം നിറവേറ്റാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post