ലക്നൗ: ഉത്തർപ്രദേശിൽ ദേശീയപതാകയെ അവഹേളിച്ച റിക്ഷ ഡ്രൈവർക്കെതിരെ കേസ്. ഗോരഖ്പൂരിലെ ഹുമയൂൺപൂരിലായിരുന്നു സംഭവം. ഇ റിക്ഷ ഡ്രൈവറായ ജിതുള്ള ഖാനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഇ- റിക്ഷ ഡ്രൈവർ ആയ ജിതുള്ള ദേശീയ പതാക കൊണ്ട് വാഹനം തുടയ്ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയായിരുന്നു ഇയാൾക്കെതിരെ കേസ് എടുത്തത്. ഹുമയൂൺപൂരിലെ ജനപ്രിയ വിഹാറിലാണ് ജുതുള്ളയുടെ താമസം. വീടിന് പുറത്തായി നിർത്തിയിട്ടിരുന്ന വാഹനം ഇയാൾ കഴുകിയ ശേഷം ദേശീയ പകാത കൊണ്ട് തുടയ്ക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
നിങ്ങൾ ഒരു ഇന്ത്യക്കാരൻ അല്ലെ ജിതുള്ളയോട് ദൃശ്യം പകർത്തുന്നയാൾ ചോദിക്കുന്നുണ്ട്. അതെയെന്ന് ആണ് ഇതിന് ലഭിച്ച മറുപടി. എന്നിട്ട് എന്തിനാണ് ദേശീയ പതാക കൊണ്ട് തുടയ്ക്കുന്നത് എന്ന് ചോദിച്ചപ്പോൾ, ഇത് വെറും തുണിയല്ലേ എന്നായിരുന്നു ഇയാൾ പറഞ്ഞത്.
സംഭവത്തിൽ കർശന വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്. അടുത്ത ദിവസങ്ങളിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇയാളുടെ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാൾ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് സ്ത്രീയുടെ പേരിലാണെന്നാണ് വിവരം.
Discussion about this post