മുംബൈ: അധോലോക നായകന്‍ ഛോട്ടാ രാജനെ കൊലപ്പെടുത്തുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയെത്തുടര്‍ന്ന് മുംബൈ പൊലീസ് ആസ്ഥാനത്തു കനത്ത സുരക്ഷാ സന്നാഹം ഒരുക്കി. ക്രോഫോര്‍ഡ് മാര്‍ക്കറ്റിനടുത്തുള്ള ആസ്ഥാനത്തായിരിക്കും ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചാല്‍ പാര്‍പ്പിക്കുക. കൂടാതെ, അവിടെ വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം സ്ഥാപിക്കാനും ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്.
അടിക്കടി കോടതിയില്‍ കൊണ്ടുപോകുന്നതിനും തിരിച്ചുവരുന്നതിനും സുരക്ഷയൊരുക്കുക ബുദ്ധിമുട്ടായതിനാല്‍ ആര്‍തര്‍ റോഡ് ജയിലിലും വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റയപ്പോഴും ഭീകരന്‍ അബു ജുന്‍ഡാലിനെ പാര്‍പ്പിച്ചപ്പോഴും സുരക്ഷയൊരുക്കിയ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിക്കാനാണു തീരുമാനം.
ആസ്ഥാനത്തേക്കു പ്രവേശിക്കുന്നതും തിരികെ പോകുന്നതിനുമായുള്ള ഗേറ്റുകളിലെ സുരക്ഷ ശക്തമാക്കുന്നതിനെക്കുറിച്ചും വിലയിരുത്തുന്നതിനുമായി മുംബൈ പൊലീസ് കമ്മിഷണര്‍ അഹമ്മദ് ജാവേദ്, ജോയിന്റ് കമ്മിഷണര്‍ ദേവന്‍ ഭാരതി എന്നിവര്‍ കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു.
അതേസമയം, ഛോട്ടാ രാജനെ ഇന്തൊനീഷ്യയില്‍ നിന്നു വിട്ടുകിട്ടുന്നതിനായി ബാലിയിലെത്തിയ ഇന്ത്യന്‍ സംഘം നടപടിക്രമങ്ങള്‍ തുടങ്ങി. ബുധനാഴ്ചയോടെ രാജനെ ഇന്ത്യയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ബി.ഐ, ഡല്‍ഹി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ഇന്നലെയാണ് ബാലിയിലെത്തിയത്.
Discussion about this post