പൂനെ ; പൂനെയിൽ പ്രവർത്തിക്കുന്ന ഗൂഗിൾ ഓഫീസിന് നേരെ വ്യാജ ഭീഷണി മുഴക്കിയ ഹൈദരാബാദ് സ്വദേശിക്കെതിരെ കേസ്. പന്യം ബാബു ശിവാനന്ദനെതിരെയാണ് പോലീസ് കേസെടുത്തത് .
ഹൈദരാബാദ് സ്വദേശിയായ പ്രതി, കൊറിഗാവോൺ പാർക്കിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ 11 ാം നിലയിലുള്ള ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ഓഫീസിൽ വിളിച്ചാണ് പ്രതി ഇക്കാര്യം പറഞ്ഞത്. ഇതോടെ ഗുഗിളിൻറെ പ്രതിനിധി ദിലീപ് താംബെ ബികെസി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് ബദ്ര കുർള കോംപ്ലക്സ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മദ്യ ലഹരിയിലാണ് ഇയാൾ വ്യാജ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി.









