അഗർത്തല : ത്രിപുരയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നിർണായക പ്രഖ്യാപനം നടത്തി തിപ്ര മോത ചെയർമാൻ പ്രദ്യോത് കിഷോർ മാണിക്യ ദേബബർമ. ഫെബ്രുവരി 16 ന് ശേഷം രാഷ്ട്രീയം വിടുമെന്നും ഇനിയൊരിക്കലും ജനങ്ങളോട് വോട്ട് ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം നടന്ന റാലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബുബഗ്ര(രാജാവ്) ആയി ഇനിയൊരിക്കലും വോട്ട് തേടില്ല. ഭക്ഷണമില്ലാതെ, വിദ്യാഭ്യാസം ലഭിക്കാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പോരാടുന്ന തന്റെ വികാരം മനസ്സിലാക്കാൻ ആരും ശ്രമിച്ചില്ല. പല നേതാക്കളും തന്നെ ഉപേക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ മുൻ രാജകുടുംബത്തിന്റെ പിൻഗാമി കൂടിയാണ് അദ്ദേഹം.
‘ഒരു രാഷ്ട്രീയ വേദിയിലെ എന്റെ അവസാന പ്രസംഗമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഞാൻ ഒരിക്കലും ബുബഗ്രയായി വോട്ട് തേടില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനമായ പോരാടിയിട്ടുണ്ട്”അദ്ദേഹം പറഞ്ഞു.
മാർച്ച് 2ന് ശേഷം താൻ രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് ഉറപ്പാണ്. എന്നാൽ എന്നും തന്റെ ജനങ്ങളോടൊപ്പമുണ്ടാകും. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പാവപ്പെട്ടവർക്ക് സ്‌കോളർഷിപ്പ് നൽകുക എന്നിവയ്ക്കായി ഞാൻ പ്രവർത്തിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post