കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഗർഭനിരോധന മാർഗങ്ങൾക്ക് നിരോധനമേർപ്പെടുത്തി താലിബാൻ ഭരണകൂടം. ശരിഅത്ത് നിയമപ്രകാരം ഗർഭനിരോധന മാർഗങ്ങൾ ഇസ്ലാമിൽ അനുവദനീയമല്ലാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയാണ് ഗർഭനിരോധന ഉറകൾ പോലുള്ള മാർഗങ്ങളെന്ന് താലിബാൻ ആരോപിച്ചു. ആദ്യ ഘട്ടത്തിൽ അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രധാന നഗരങ്ങളിൽ ഗർഭനിരോധന ഉറകളുടെ വിൽപ്പന നിർത്തിവച്ചു.
അഫ്ഗാനിസ്ഥാനിലെ വീടുകൾ കയറിയിറങ്ങി സ്ത്രീകളോടും പുരുഷന്മാരോടും ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കരുതെന്ന് താലിബാൻ അംഗങ്ങൾ ഭീഷണിപ്പെപെടുത്തുകയാണ്. ഫാർമസികൾക്കും ഗർഭനിരോധന മരുന്നുകളും ഉപകരണങ്ങളും നീക്കം ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.ജനന നിയന്ത്രണ ഗുളികകൾ, ഉറകൾ, ഇഞ്ചക്ഷനുകൾ തുടങ്ങിയവ ഈ മാസം ആദ്യം മുതൽ ഫാർമസിയിൽ സൂക്ഷിക്കാൻ അനുവാദമില്ലെന്നാണ് ഉത്തരവ്. ഗർഭനിരോധനഉറകളുടെ ഉപയോഗവും കുടുംബാസൂത്രണവും ഒരു പാശ്ചാത്യ അജണ്ടയാണെന്നാണ് കടകളിലെത്തുന്ന താലിബാൻ അംഗങ്ങൾ പറയുന്നത്.
ചെറുപ്രായത്തിലേ വിവാഹിതയാകുന്നതും ഗർഭം ധരിക്കുന്നതും മൂലം നിരവധി പെൺകുട്ടികളാണ് താലിബാനിൽ ദിവസേന മരിക്കുന്നത് ഓരോ 14 അഫ്ഗാൻ സ്ത്രീകളിൽ ഒരാൾ ഗർഭധാരണവുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് മരിക്കുന്നത്. വനിത ഡോക്ടർമാരെ നിരോധിച്ചതും പരപുരുഷന്മാർക്ക് മുമ്പിൽ പരിശോധനയ്ക്ക് എത്താൻ കഴിയാത്തതും സങ്കീർണമായ ഗർഭധാരണ കേസുകളെ എങ്ങനെ ഇനി ബാധിക്കുമെന്ന ആശങ്കയിലാണ് സ്ത്രീകൾ.
Discussion about this post