മ്യൂണിക്: അമേരിക്കയിൽ വെടിവച്ചിട്ട ബലൂണുകൾ ചാരവൃത്തിക്കായി അയച്ചതെന്ന ആരോപണം വീണ്ടും തള്ളി ചൈന. അമേരിക്ക ഉന്മാദത്തിൽ പുലമ്പുന്ന അസംബന്ധങ്ങളാണെന്ന് ചൈന വിമർശിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്റേതാണ് ഈ പരാമർശം. ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു വാങ് യി.
അമേരിക്ക ഏഷ്യൻ ഭീമനെ അപമാനിക്കാൻ ശ്രമിക്കുന്നതായി ചൈന ആരോപിച്ചു.ചൈന ഗുരുതരമായ ഭൗമരാഷ്ട്രീയ വെല്ലുവിളിയും അമേരിക്കയ്ക്ക് ഭീഷണിയുമാണെന്ന് യുഎസിന് തെറ്റായ വീക്ഷണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് ചൈനയെക്കുറിച്ചുള്ള തെറ്റായ ധാരണയാണ്, ഈ ധാരണ ഉപയോഗിച്ച്, ചൈനയെ അപകീർത്തിപ്പെടുത്താനും അടിച്ചമർത്താനും അമേരിക്ക അതിന്റെ എല്ലാ മാർഗങ്ങളും ഉപയോഗിക്കുകയും മറ്റ് രാജ്യങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് വാങ് യി ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന് ചൈനയെക്കുറിച്ച് തെറ്റായ ധാരണയുണ്ടെന്ന് വാങ്യി കൂട്ടിച്ചേർത്തു. ‘ആകാശത്ത് പല രാജ്യങ്ങളിൽ നിന്നുള്ള ധാരാളം ബലൂണുകൾ ഉണ്ട്. അവ ഓരോന്നും വെടിവച്ച് വീഴ്ത്തണോയെന്ന്’ വാങ് യി ചോദിച്ചു. സ്വന്തം ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി ഇത്തരം കപടമായ കാര്യങ്ങൾ ചെയ്യരുതെന്നും അദ്ദേഹം യുഎസിനോട് അഭ്യർത്ഥിച്ചു.
പ്രധാനമായും കാലാവസ്ഥാ ഗവേഷണത്തിന് ഉപയോഗിക്കുന്ന ഒരു സിവിലിയൻ എയർഷിപ്പാണെന്ന് ചൈന അവകാശപ്പെട്ട ഭീമാകാരമായ ബലൂൺ ഫെബ്രുവരി 4 ന് രാജ്യത്ത് ഒരാഴ്ചയോളം ചുറ്റിക്കറങ്ങിയതിന് ശേഷം അമേരിക്ക വെടിവച്ചിടുകയായിരുന്നു.
Discussion about this post