കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്ന മീഞ്ചന്ത ആർട്‌സ് കോളേജിൽ കറുപ്പ് വസ്ത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കറുപ്പ് വസ്ത്രം ആരും ധരിക്കരുത് എന്നായിരുന്നു കോളേജ് അധികൃതരുടെ നിർദ്ദേശം. കറുപ്പ് മാസ്‌ക് വെച്ചവരെക്കൊണ്ട് അത് അഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയത്. സംഭവം ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഗവൺമെൻറ് ആർട്‌സ് കോളജിൽ മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ രണ്ട് വിദ്യാർത്ഥികളുടെ കറുത്ത മാസ്‌ക് പോലീസ് അഴിപ്പിച്ചു. മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു പോലീസ് വിദ്യാർത്ഥികളുടെ കറുത്ത മാസ് അഴിപ്പിച്ചത്. എന്നാൽ കറുത്ത മാസ്‌കിനോ വസ്ത്രത്തിന് വിലക്ക് ഏർപ്പെടുത്തിട്ടില്ലെന്നും പ്രതിഷേധത്തിൻറെ രീതിയിൽ ഇവ അണിഞ്ഞ് വരരുതെന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. പോലീസിൻറെ നിർദ്ദേശാനുസരണമാണ് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതെന്നും പ്രിൻസിപ്പൽ പറയുന്നു.
പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ആഹ്വാനങ്ങൾക്കിടെ കനത്ത സുരക്ഷയ്ക്ക് നടുവലാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തിയത്. ഗസ്റ്റ് ഹൗസിന് സമീപം വച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെ എസ് യു നേതാക്കളെ പോലീസ് കരുതൽ തടങ്കലിലെടുത്തു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് വിടി സൂരജ്, ബ്‌ളോക്ക് പ്രസിഡണ്ട് രാഗിൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് കരിങ്കൊടിയും കെ എസ് യു കൊടിയും പിടിച്ചെടുത്തു.












