ഗുവാഹത്തി: ഭർത്താവിനേയും അമ്മായിയമ്മയേയും കൊലപ്പെടുത്തി ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് ശേഷം പലയിടങ്ങളിൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഗുഹാഹത്തിയിലെ നൂൻമതിയിലാണ് സംഭവം. കൊലപാതകം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് ബന്ദന കലിത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. കാമുകന്റേയും സുഹൃത്തിന്റെയും സഹായത്തോടെയാണ് ബന്ദന കൊലപാതകങ്ങൾ നടത്തിയത്. ബന്ദനയുടെ ഭർത്താവ് അമർജ്യോതി ഡേ, അമ്മായിയമ്മ ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. നൂൻമതിയിൽ വാടകവീട്ടിലാണ് ബന്ദന ഭർത്താവിനൊപ്പം കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 17നാണ് കൊലപാതകങ്ങൾ നടന്നത്. അതിന് ശേഷം മൃതദേഹങ്ങൾ പല കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു.
വാടകവീട് മാറിയ ശേഷം ഇവർ ശരീരഭാഗങ്ങൾ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ഭർത്താവിന്റെ മൃതദേഹം ദൗക്കിയിലും, അമ്മയുടേയത് ചിറാപുഞ്ചിയുമാണ് ഉപേക്ഷിച്ചത്. അതേസമയം കൊലപാതകം നടത്താനുള്ള കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടത്താനും മൃതദേഹ അവശിഷ്ടങ്ങൾ നശിപ്പിക്കാനും കൂട്ടാളികളായ അരൂപ് ദേക്ക, ധൻജിത് ദേക്ക എന്നിവരാണ് സഹായിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post