തിരുവനന്തപുരം : മൂന്ന് ദിവസത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പരിപാടി റദ്ദാക്കി. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ലോക മാതൃഭാഷ ദിനം മലയാണ്മയുടെ പൊതു പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഇത് മാറ്റിവെച്ചത് എന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് പോലീസ് വൻ സുരക്ഷയാണ് ഒരുക്കുന്നത്.
മുഖ്യമന്ത്രി ക്രാഫ്റ്റ് വില്ലേജിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന കണക്ക് കൂട്ടലിൽ പ്രധാന ജംഗ്ഷനുകളിൽ ഉൾപ്പടെ കൂടുതൽ പോലീസുകാരെ രാവിലെ മുതൽ വിന്യസിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ മുഖ്യമന്ത്രി നേരെ ക്ലിഫ് ഹൗസിലേക്ക് പോകുകയായിരുന്നു.
നിലവിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധങ്ങളും പ്രകടനങ്ങളും അരങ്ങേറുന്ന സാഹചര്യമാണ്. ഇതിനിടെ നടന്ന പരിപാടികളിൽ കറുപ്പ് വസ്ത്രം നിരോധിച്ചതും വിദ്യാർത്ഥികളുടെ ഉൾപ്പെടെ കറുപ്പ് മാസ്‌ക് അഴിപ്പിച്ച സംഭവവും ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ അതീവ സുരക്ഷ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയതിനെതിരെയും ജനങ്ങൾ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് കറുപ്പ് പേടിയാണോ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
Discussion about this post