മലപ്പുറം: ചങ്ങരംകുളത്ത് വളർത്തു മീൻ ചത്ത മനോവിഷമത്തിൽ സ്‌കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വളാഞ്ചേരി കളത്തിൽ രവീന്ദ്രന്റെ മകൻ റോഷൻ ആർ മേനോൻ (13) ആണ് തൂങ്ങിമരിച്ചത്. വെളളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.
രാവിലെ പ്രാവുകൾക്ക് തീറ്റ കൊടുക്കാനായി വീടിന്റെ ടെറസിലേയ്ക്ക് പോയതായിരുന്നു റോഷൻ. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് വീട്ടുകാർ ടെറസിൽ എത്തി നോക്കുകയായിരുന്നു. അപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
റോഷന്റെ അക്വോറിയത്തിലെ അലങ്കാര മത്സ്യം കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇതേ തുടർന്ന് കുട്ടി വലിയ ദു:ഖത്തിലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
മൂക്കുതല ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് റോഷൻ.











