ഡല്‍ഹി: തന്റെ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ ഇന്ത്യയില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പാക് ഗസല്‍ ഗായകന്‍ ഗുലാം അലി. ഇനി ഇന്ത്യയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ശരിയായി വരികയാണെങ്കില്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം അലി വ്യക്തമാക്കി.
നേരത്തേ ഡല്‍ഹിയില്‍ നവംബര്‍ എട്ടിന് ഗുലാം അലി നടത്താനിരുന്ന സംഗീത പരിപാടി മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് ഇതിനു പിന്നിലെന്നായിരുന്നു വിവരം. ഡിസംബറില്‍ ലഖ്‌നോ മഹോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ അദ്ദേഹം എത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ പരിപാടികളും റദ്ദാക്കിയിരിക്കുന്നതായി പാക് ഗായകന്‍ നേരിട്ട് വ്യക്തമാക്കിയിരിക്കുകയാണ്.
മുംബൈയില്‍ ഗുലാം അലി അവതരിപ്പിക്കാനിരുന്ന പരിപാടിയ്‌ക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. ശിവസേന പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ പരിപാടി റദ്ദാക്കേണ്ടി വന്നിരുന്നു.
Discussion about this post