പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിഥിലാഞ്ചല്‍, കോസി, ബംഗാളിനോടു ചേര്‍ന്നുകിടക്കുന്ന സീമാഞ്ചല്‍ പ്രദേശങ്ങളിലെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ഞായറാഴ്ച നടക്കും.
ഇന്നു വോട്ടെടുപ്പു നടക്കുന്ന 57 സീറ്റില്‍ വലിയതോതില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണു ജെഡിയുവും ആര്‍ജെഡിയും ഉള്‍പ്പെടുന്ന മതനിരപേക്ഷ സഖ്യം. എന്നാല്‍, മതനിരപേക്ഷ സഖ്യത്തിന്റെ വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്ന പ്രതീക്ഷയിലാണു ബിജെപി. ആര്‍ജെഡി പുറത്താക്കിയ മാധേപ്പുര എംപി പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി 40 സീറ്റിലും അസദുദ്ദിന്‍ ഉവൈസി എംപിയുടെ പാര്‍ട്ടിയായ എഐഎംഐഎം ആറു സീറ്റിലും മല്‍സരിക്കുന്നുണ്ട്.
മധുബനി, ദര്‍ബംഗ, സുപോള്‍, മാധേപ്പുര, സഹര്‍സ, അരാരിയ, കിഷന്‍ഗഞ്ച്, പൂര്‍ണിയ, കാട്ടിഹാര്‍ എന്നീ ജില്ലകളിലെ 57 സീറ്റുകളിലേക്ക് 827 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. മുസ്‌ലിം സമുദായത്തിനു നിര്‍ണായക ശക്തിയുള്ള മണ്ഡലങ്ങളാണിത്. 2010ലെ തിരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യമാണ് ഇതില്‍ ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചത്.
Discussion about this post