അമൃത്സർ: ഖാലിസ്ഥാൻ നേതാവും വാരിസ് പഞ്ചാബ് ഡി തലവനുമായ അമൃതപാൽ സിംഗിനെ കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരനായ ഭിന്ദ്രൻവാലയുടെ പിൻഗാമിയായി അവരോധിക്കാൻ ശ്രമവുമായി പാകിസ്താൻ. സമൂഹമാദ്ധ്യമങ്ങളിലൂടെ അമൃത്പാലിനെ ഭിന്ദ്രൻവാല 2.0 എന്ന് പ്രചരിപ്പിക്കാനായി കോടികളാണ് പാകിസ്താൻ ചിലവഴിക്കുന്നതെന്നാണ് റിപ്പോർട്ട്.
അമൃതപാൽ സിംഗിനെ സോഷ്യൽ മീഡിയയിൽ ഭിന്ദ്രൻവാലെ 0.2 ആയി പ്രമോട്ട് ചെയ്യുന്നതിനായി പാകിസ്താന്റെ ഇന്റർ-സർവീസ് ഇന്റലിജൻസ് (ഐഎസ്‌ഐ) യിൽ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്നാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ക്രമസമാധാനം തകർക്കാൻ പാകിസ്താൻ കോടികൾ ചിലവഴിക്കുകയാണ്.
അമൃത്പാൽ സിംഗിന്റെ സഹായി ലവ്പ്രീത് സിംഗ് തൂഫന്റെ അറസ്റ്റിനെച്ചൊല്ലി അജ്‌നാലയിൽ പഞ്ചാബ് പോലീസും അമൃത്പാൽ സിങ്ങിന്റെ അനുയായികളും തമ്മിലുള്ള ഏറ്റുമുട്ടലിന് ദിവസങ്ങൾക്ക് ശേഷമാണ് പിന്നിൽ പ്രവർത്തിച്ച പാക് സംഘടനയെ കുറിച്ച് വിവരം ലഭിക്കുന്നത്.
ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരനാണ് ഭിന്ദ്രൻവാല. 1984 ജൂൺ ആറിന് ഇന്ത്യൻ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഭിന്ദ്രൻവാല കൊല്ലപ്പെടുന്നത്.ഇയാളെ ഓർമ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാൽ സിംഗ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ഫൗജാൻ എന്നറിയപ്പെടുന്ന തന്റെ അനുയായി സംഘവുമായി അമൃത്പാൽ സിംഗ് സുവർണ്ണക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചും അമൃത്പാൽ സിംഗ് രംഗത്തെത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയായിരിക്കും അമിത് ഷായ്ക്ക് എന്നായിരുന്നു ഭീഷണി.
Discussion about this post