ആലപ്പുഴ : ആലപ്പുഴയിൽ സിപിഎം നേതാവിനെതിരെ ഗാർഹിക പീഡന പരാതി. ഭാര്യയെ ഒഴിവാക്കാൻ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. കായംകുളം ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് സിപിഎം ലോക്കൽ കമ്മിറ്റിയംഗവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മുൻ ഭാരവാഹിയുമായിരുന്നു ഭാര്യ പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമാണ് പരാതി നൽകിയത്.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിനാണ് യുവതിയെ സിപിഎം നേതാവ് മർദിച്ചത് എന്നാണ് പരാതി. ഭാര്യയെ ഒഴിവാക്കി കാമുകിയോടൊപ്പം താമസിക്കാൻ സിപിഎം നേതാവ് ആഭിചാര ക്രിയകൾ നടത്തിയതായും പരാതിയിൽ പറയുന്നു. എന്നാൽ പോലീസിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവർക്കിടയിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. പല തവണ പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹപിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഔദ്യോഗിക വാഹനത്തിൻറെ ബോർഡ് മാറ്റി, മറ്റൊരു സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് സിപിഎം നേതാവ് ഭാര്യയെ ക്രൂരമായി മർദിച്ചത്. പരുക്കേറ്റ യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
തുടർന്നാണ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാർട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങൾക്കും പരാതി നൽകിയത്.
Discussion about this post