ചൈനയുമായി തർക്കം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ക്രിക്കറ്റ് കളിക്കുന്ന സൈനികരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം . 2020 മുതൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്ന അതേ സ്ഥലമായ ഗാൽവാൻ താഴ്‌വരയിൽ ആണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ പട്യാല ബ്രിഗേഡ് ത്രിശൂൽ ഡിവിഷനിലെ സൈനികരാണ് പങ്കാളികളായത്. മൈനസ് ഡിഗ്രിയാണ് ഇവിടുത്തെ താപനില എന്നതും വളരെ ശ്രദ്ധേയമാണ്.
ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാംഗുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ സമയത്താണ് ഗാൽവാനിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ചിത്രങ്ങളും പുറത്തുവരുന്നത്. ക്രിക്കറ്റ് കളിയുടെ കൃത്യമായ സ്ഥലം ഇന്ത്യൻ സൈന്യം വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഗാൽവാൻ ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും 5 കിലോമീറ്ററിൽ മാത്രം താഴോട്ടുള്ള പ്രദേശമാണിതെന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
2020 ജൂൺ 15 ന് ആണ് ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും തമ്മിൽ ഏറ്റമുട്ടലുണ്ടായത്. ഇന്ത്യൻ പ്രദേശത്തേക്ക് ചൈനീസ് പട്ടാളം അനധികൃതമായി പട്രോളിംഗിനെത്തിയതാണ് പ്രകോപനത്തിന് കാരണമായത്. പ്രദേശത്ത് ചൈനീസ് ക്യാമ്പ് കണ്ട ഇന്ത്യൻ സൈന്യം പരിശോധനയ്ക്ക് പോയി. ഇതോടെ ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായി.
ആയുധമെടുത്തില്ലെങ്കിലും വടിയും കല്ലും ഉപയോഗിച്ച് ഇന്ത്യൻ സൈന്യം പ്രതിരോധം സൃഷ്ടിച്ചു. ഇന്ത്യൻ സൈന്യത്തിലെ 20 സൈനികർക്കാണ് സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ടത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കണക്കുകൾ ഇന്നും ഔദ്യോഗികമായി പുറത്തുവിടാൻ ചൈനീസ് ഭരണകൂടം തയ്യാറായിട്ടില്ല. സംഘർഷത്തിന് ശേഷം സ്ഥിതിഗതികൾ ശാന്തമാക്കാൻ ഇന്ത്യൻ-ചൈനീസ് ഉന്നത കമാൻഡർമാർ ചർച്ചകൾ നടത്തിവരികയാണ്. തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ വിവിധ ഫ്ലാഗ് മീറ്റിംഗുകളും നടത്തി.








