ന്യൂഡൽഹി : ഇന്ത്യ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ആരോഗ്യം, വികസനം, കാലാവസ്ഥ എന്നീ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണം, ഇന്ത്യ കൈവരിച്ചു കൊണ്ടിരിക്കുന്ന പുരോഗതിയിൽ തനിക്ക് എന്നത്തേക്കാളും കൂടുതൽ ശുഭാപ്തി വിശ്വാസം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗേറ്റ് നോട്ട്‌സ് എന്ന പേരിലുള്ള തന്റെ ബ്ലോഗിൽ ബിൽ ഗേറ്റ്‌സ് ഇക്കാര്യം കുറിച്ചത്.
”വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് എന്റെ യാത്രയുടെ ഹൈലൈറ്റ്. ഇന്ത്യയിലും ലോകമെമ്പാടും നിലനിൽക്കുന്ന സമത്വമില്ലായ്മ കുറയ്ക്കാൻ ശാസ്ത്രം എങ്ങനെ സഹായിക്കുമെന്ന വിഷയത്തെപ്പറ്റി ഞങ്ങൾ സംസാരിച്ചു ”ബിൽ ഗേറ്റ്‌സ് തന്റെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ചു.
”ക്ഷയം, വിസറൽ ലീഷ്മാനിയാസിസ്, ലിംഫറ്റിക് ഫൈലേറിയസിസ് തുടങ്ങിയ മാരകമായ രോഗങ്ങളെ ഇല്ലാതാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിച്ചു. ക്ഷയരോഗികൾക്ക് ആവശ്യമായ പോഷകാഹാരവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്മ്യൂണിറ്റികൾ അവരെ ദത്തെടുക്കുന്ന ഒരു പദ്ധതി ഇന്ത്യയിൽ രൂപപ്പെടുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എച്ച്ഐവിക്കെതിരെയും സമാനമായ സമീപനമാണ് ഇന്ത്യ നടത്തിവരുന്നത്. രോഗത്തിനെതിരെ പോരാടാൻ ഇത് ഉപകാരപ്രദമായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി” ബിൽ ഗേറ്റ്‌സ് കുറിച്ചു.
My conversation with Prime Minister @narendramodi left me more optimistic than ever about the progress that India is making in health, development, and climate. https://t.co/igH3ete4gD @PMOIndia
— Bill Gates (@BillGates) March 4, 2023
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെയും ബിൽ ഗേറ്റ്‌സ് പ്രശംസിച്ചു. ”മഹാമാരിക്കാലത്ത് 200 ദശലക്ഷം സ്ത്രീകൾ ഉൾപ്പെടെ 300 ദശലക്ഷം ആളുകൾക്ക് അടിയന്തര ഡിജിറ്റൽ പേയ്മെന്റുകൾ കൈമാറാൻ ഇന്ത്യക്ക് കഴിഞ്ഞു. ഡിജിറ്റൽ ഐഡി സംവിധാനം (ആധാർ) നിർമ്മിക്കുകയും ഡിജിറ്റൽ ബാങ്കിംഗിനായി നൂതന പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന് ഇന്ത്യ മുൻഗണന നൽകിയത് കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്.”
സർക്കാരിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഗതി ശക്തി പരിപാടി. റെയിൽവേയും റോഡും ഉൾപ്പെടെ 16 മന്ത്രാലയങ്ങളെ ഇത് ഡിജിറ്റലായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ മന്ത്രാലയങ്ങൾക്ക് അടിസ്ഥാന സൗകര്യ പദ്ധതികൾ സമന്വയിപ്പിക്കാനും ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും പ്രവർത്തനങ്ങൾ ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്നും ബിൽ ഗേറ്റ് കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഔദ്യോഗികമായി സന്ദർശനം നടത്തുന്ന ബിൽഗേറ്റ്‌സ്, ബിസിനസ്സ്, രാഷ്ട്രീയക്കാർ, സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ, എന്നിവരുൾപ്പെടെ നിരവധി പ്രമുഖരെ സന്ദർശിക്കുന്നുണ്ട്. ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഎആർ) പോലുള്ള ഗവേഷണ കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ചു.
Discussion about this post