ന്യൂഡൽഹി: സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച് യുവാവ്. എയർ ഇന്ത്യയിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെയാണ് ഇത്. അമേരിക്കൻ എയർലൈൻസിലാണ് സംഭവം.ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിലാണ് മദ്യപിച്ച യാത്രക്കാരൻ സഹയാത്രക്കാരനു മേൽ മൂത്രമൊഴിച്ചത്.
യുഎസിലെ ഒരു സർവകലാശാലാ വിദ്യാർത്ഥിയാണ് യാത്രക്കാരനു മേൽ മൂത്രമൊഴിച്ചതെന്നാണ് വിവരം. മദ്യപിച്ചിരുന്ന വിദ്യാർത്ഥി ഉറക്കത്തിനിടയിൽ മൂത്രമൊഴിക്കുകയായിരുന്നു. അടുത്തിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് ആയതോടെ ഇയാൾ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. മദ്യലഹരിയിൽ ഉറക്കത്തിൽ അറിയാതെ സംഭവിച്ചതാണെന്നാണ് വിദ്യാർത്ഥിയുടെ വിശദീകരണം. മാപ്പ് പറഞ്ഞതോടെ യാത്രക്കാരൻ പോലീസിൽ പരാതി നൽകുന്നില്ലെന്നും വിദ്യാർത്ഥിയുടെ ഭാവിക്ക് ദോഷമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. എങ്കിലും വിമാന അധികൃതർ വിവരം എയർ ട്രാഫിക് കൺട്രോളിൽ വിവരം അറിയിക്കുകയായിരുന്നു.
ന്യൂയോർക്കിൽ നിന്നും വെള്ളിയാഴ്ച്ച രാത്രി 9.16 ന് പുറപ്പെട്ട AA292 വിമാനത്തിലാണ് യാത്രക്കാരൻ മൂത്രമൊഴിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശനിയാഴ്ച്ച 10.12 നാണ് വിമാനമെത്തിയത്. വിമാനം ഡൽഹി എയർപോട്ടിൽ എത്തിയ ഉടൻ തന്നെ ആരോപണവിധേയനായ യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു.










