ബംഗളൂരു: മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി തമിഴ് നടി അനിക വിക്രമൻ. മർദ്ദനത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും പരിക്കുകളേറ്റ ചിത്രവും നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. മുൻ കാമുകന്റെ ക്രൂരതകൾ കാരണം നഷ്ടമായെന്ന് കരുതിയ ജീവിതം വീണ്ടെടുത്തുവെന്നും, അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നും വ്യക്തമാക്കിയാണ് നടി തന്റെ അതിജീവനകഥ പങ്കുവച്ചിരിക്കുന്നത്.
അനൂപ് പിള്ള എന്നാണ് തന്റെ മുൻ കാമുകന്റെ പേര് എന്ന് നടി പറയുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇയാൾ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. ” ഉപദ്രവം സഹിക്കാതെ വന്നപ്പോൾ ബംഗളൂരു പോലീസിൽ പരാതി നൽകി. അന്നയാൾ കരഞ്ഞു കാലു പിടിച്ചത് കൊണ്ട് വിഡ്ഢിയായ ഞാൻ ആ സംഭവം വിട്ടു കളഞ്ഞു. രണ്ടാമത്തെ തവണയും അയാൾ അത് തന്നെ ചെയ്തു. അന്നും ഒന്നും സംഭവിച്ചില്ല. പോലീസുകാർക്ക് പണം നൽകി അയാൾ അവരെ വലയിലാക്കി. പോലീസ് ഒപ്പമുണ്ടെന്ന ധാർഷ്ട്യത്തോടെ ഉപദ്രവം തുടർന്നു.
ഷൂട്ടിംഗിന് പോകാതിരിക്കാൻ അയാൾ എന്റെ ഫോൺ വരെ എറിഞ്ഞു തകർത്ത സംഭവങ്ങളുണ്ട്. ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്‌ടോപ്പിൽ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകളും നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിക്രൂരമായ മർദ്ദനമാണ് പല സമയത്തും ഏറ്റുവാങ്ങേണ്ടി വന്നത്. ഈ മുഖം വച്ച് എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്ന് പറഞ്ഞാണ് അയാൾ മർദ്ദിച്ചിരുന്നത്. വായും മൂക്കുമെല്ലാം പൊത്തിപ്പിടിച്ചായിരുന്നു മർദ്ദനം. സുഹൃത്തുക്കളാണെന്ന് വിശ്വസിച്ചിരുന്ന പലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാൾ വലുത് എന്ന് പഠിച്ചു.
ഇൗ സംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അയാൾ നിലവിൽ ഒളിവിലാണുള്ളത്. അമേരിക്കയിലെ ന്യൂയോർക്കിലാണ് അയാളുള്ളത്. ഇപ്പോഴും തുടർച്ചയായി ഭീഷണികൾ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം തുറന്ന് പറയുന്നതെന്നും” അനിക പറഞ്ഞു.
Discussion about this post