പ്രായമായവരിലാണ് ഹൃദയാഘാതമുണ്ടാകുക എന്ന ഒരു പൊതുചിന്ത കുറച്ചുകാലം മുമ്പ് വരെ സമൂഹത്തിലുണ്ടായിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലം മരിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ പെട്ടന്നുണ്ടായ വര്‍ധന, പ്രായമായവര്‍ മാത്രമേ ഹൃദയാഘാതത്തെ പേടിക്കേണ്ടൂ എന്നത് വെറും മിഥ്യാധാരണയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കല്യാണദിവസം പന്തലില്‍ അതിഥികള്‍ക്ക് മുമ്പില്‍ 22 വയസുകാരന്‍ ഹൃദയാഘാതം വന്ന് മരിച്ചതും ക്രിക്കറ്റ് കളിക്കുന്നതിനിടെ പതിനാറുകാരന്‍ മരിച്ചതുമെല്ലാം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഒപ്പം ഹൃദയാഘാതം ആര്‍ക്ക് വേണമെങ്കിലും ഏത് പ്രായത്തില്‍ വേണമെങ്കിലും ഉണ്ടാകാമെന്ന വസ്തുത കൂടി നമ്മള്‍ക്ക് അംഗീകരിക്കേണ്ടതായി വന്നു.
പക്ഷേ, ഒരു സുപ്രഭാതത്തില്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ എങ്ങനെ തിരിച്ചറിയും? ഏതെങ്കിലും തരത്തിലുള്ള ശാരീരിക വല്ലായ്മ ഉണ്ടാകുമ്പോള്‍ ഹൃദയാഘാതമാണോ എന്ന് സംശയിക്കണോ. പെട്ടെന്നുള്ള വൈദ്യസഹായത്തിലൂടെ ഹൃദയാഘാതം വന്നവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാം എന്നതുകൊണ്ടുതന്നെ ലക്ഷണങ്ങള്‍ മനസിലാക്കി ചികിത്സ തേടുക രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമാണ്.
സാധാരണയായി നെഞ്ചുവേദനയും കൈവേദനയുമാണ് ഹൃദയാഘാത ലക്ഷണമായി മിക്കവരും കണക്കാക്കുന്നത്. എന്നാല്‍ നാം പ്രതീക്ഷിക്കാത്ത, അല്ലെങ്കില്‍ നമുക്കറിയാത്ത ചില സൂചനകള്‍ കൂടി ഹൃദയാഘാതത്തിന്റെയും ഹൃദ്രോഗത്തിന്റെയും സൂചനായി ശരീരം കാണിക്കാറുണ്ട്. ന്യൂയോര്‍ക്കിലെ പ്രശസ്ത ഹൃദ്രോഗാശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ദീപക് ഭട്ട് പറയുന്ന ഈ ഹൃദയാഘാത ലക്ഷണങ്ങള്‍ ഒരു ശ്രദ്ധിച്ചോളൂ. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാന്‍ ചിലപ്പോള്‍ ഈ അറിവ് സഹായമായേക്കും.
ഉത്കണ്ഠ
ഉത്കണ്ഠ എന്നത് ഇപ്പോള്‍ മിക്കവരിലും കണ്ടുവരുന്ന മാനസിക പ്രശ്‌നമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും തിരക്കുകളുമാണ് അതിനുള്ള പ്രധാനകാരണം. അതേസമയം ഉത്കണ്ഠ ഹൃദ്രോഗത്തിന്റെ ലക്ഷണം കൂടിയാകാമെന്നാണ് ഡോ. ദീപക് പറയുന്നത്. ഉത്കണ്ഠയും ഹൃദ്രോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും സ്ഥിരമായ ഉത്കണ്ഠ ഹൃദയാരോഗ്യത്തിന് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറയുന്നു. ഉത്കണ്ഠ, കൊറോണറി ആര്‍ട്ടെറി ഡിസീസിന്റെ (സിഎഡി) സാധ്യത വര്‍ധിപ്പിക്കുന്ന ഒന്നാണെന്നും ഇത് ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 21 ശതമാനം വര്‍ധിപ്പിക്കുന്നുവെന്നും 2015ല്‍ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.
വിയര്‍ക്കല്‍
വിയര്‍ക്കുക എന്നത് ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ചൂടനുഭവപ്പെടുമ്പോഴും ശാരീരിക അധ്വാനമുണ്ടാകുമ്പോഴുമെല്ലാം ആളുകള്‍ അമിതമായി വിയര്‍ക്കാറുണ്ട്. പക്ഷേ ബ്ലോക്ക് മൂലം രക്തക്കുഴലുകളിലൂടെയുള്ള സുഗമമായ ഒഴുക്ക് നടക്കാതെ വരുമ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കാന്‍ ഹൃദയത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. അങ്ങനെയും ശരീരം അമിതമായി വിയര്‍ക്കാം. ആകസ്മികമായി, ശാരീരികമായി അധ്വാനിക്കാതെ തന്നെ ശരീരം അമിതമായി വിയര്‍ത്താല്‍ അത് ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണമായിരിക്കാം.
കാലുവേദന
കാലുവേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാകാമെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയുമായിരിക്കില്ല. വാര്‍ധക്യത്തോട് അടുക്കുന്നവരില്‍ കൈകാല്‍ വേദനകള്‍ സാധാരണമാണ്. പ്രായമാകലിന്റെ ലക്ഷണമായി അവരതിനെ അവഗണിക്കുകയും ചെയ്യും. എന്നാല്‍ ഇതും ഹൃദ്രോഗത്തിന്റെ അപ്രതീക്ഷിത സൂചനയായിരിക്കും എന്നാണ് ഡോ.ദീപക് പറയുന്നത്. കാലുകളിലെ വിറയലും വേദനയും യഥാര്‍ത്ഥത്തില്‍ ഹൃദ്രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണെന്ന് അദ്ദേഹം പറയുന്നു. പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസിന്റെ (പിഎഡി) മൂലമാണ് ഇങ്ങനെയുണ്ടാകുന്നത്. കാലുകളിലെ ധമനികള്‍ ചുരുങ്ങി, കൊഴുപ്പ് വന്നടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുമ്പോഴാണ് വേദന അനുഭവപ്പെടുന്നത്. ചില ഡോക്ടര്‍മാര്‍ക്ക് പോലും ഇക്കാര്യം അറിയില്ലെന്ന് ഡോക്ടര്‍ ദീപക് പറയുന്നു. നടക്കുമ്പോള്‍ കാലുവേദനയും മരവിപ്പും വിറയലും അനുഭവപ്പെടുകയും ഒരു നിമിഷം വിശ്രമിക്കുമ്പോള്‍ അതെല്ലാം മാറുകയും ചെയ്താല്‍ തീര്‍ച്ചയായും ഡോക്ടറെ കാണിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.
ക്ഷീണം
ക്ഷീണമൊക്കെ എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ്, വളരെ സാധാരണമാണ്. പക്ഷേ എത്ര വിശ്രമിച്ചാലും മാറാത്ത, കഠിനമായ ക്ഷീണം ശ്രദ്ധിക്കേണ്ട വിഷയമാണ്. ക്ഷീണമെന്നത് എല്ലാവര്‍ക്കും ഉണ്ടാകുന്ന ഒന്നായത് കൊണ്ടുതന്നെ ഹൃദ്രോഗത്തിന്റെ ലക്ഷണമായ ക്ഷീണം തിരിച്ചറിയുക പ്രയാസകരമാണെന്ന് ഡോക്ടര്‍ ദീപക് തന്നെ പറയുന്നു. ഉറക്കം ശരിയായില്ലെങ്കില്‍ പോലും ക്ഷീണമുണ്ടാകാം. അത് ഹൃദ്രോഗത്തിന്റെ ലക്ഷണമല്ല. എന്നാല്‍ എപ്പോഴും കഠിനമായ ക്ഷീണം തോന്നുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
ഉദര പ്രശ്‌നങ്ങള്‍
ഹൃദ്രോഗമുള്ളവര്‍ക്ക് സാധാരണയായി ഉദര, ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഹൃദ്രോഗം വഷളാകുമ്പോള്‍ ഇവയും വഷളാകുന്നു. പെട്ടന്നുണ്ടാകുന്ന കഠിനമായ വേദന, പ്രത്യേകിച്ച് ഉദരത്തിന്റെ മുകളില്‍ വലതുഭാഗത്തുണ്ടാകുന്ന വേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ചുരുങ്ങിയ കാലം കൊണ്ട് ശരീരഭാരം കുറയുന്നതും ഹൃദ്രോഗവുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.
ഉദര, ദഹന പ്രശ്‌നങ്ങള്‍ വളരെ സാധാരണമായ ഒരു ആരോഗ്യപ്രശ്‌നമായതിനാലും അതുകൊണ്ട് സാരമായ ബുദ്ധിമുട്ടുകള്‍ ആളുകള്‍ക്ക് ഉണ്ടാകാറില്ല എന്നതിനാലും നെഞ്ച് വലിഞ്ഞുമുറുകുന്നത് പോലെയും മുമ്പ് ഹൃദ്രോഗത്തിന്റെ ചരിത്രമുള്ളവരിലും ഉദര, ദഹന പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കണ്ടാല്‍ മതിയാകും.
Discussion about this post