തിരുവനന്തപുരം:സംസ്ഥാനത്ത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്കുള്ള എസ്എഫ്‌ഐ അതിക്രമത്തിൽ അടിയന്തിര പ്രമേയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
വ്യാജ വീഡിയോ നിർമ്മാണവും സംപ്രേഷണവും മാദ്ധ്യമ പ്രവർത്തനത്തിന്റെ ഭാഗമല്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അവൾ അറിയാതെ അതിൽപ്പെടുത്തിയിട്ട് മാദ്ധ്യമ പ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ധീരമായ പത്രപ്രവർത്തനം അല്ല. മാദ്ധ്യമപ്രവർത്തനത്തിൽ എന്തും ആകാമോയെന്നും അദ്ദേഹം ചോദിച്ചു.
ചാനലിലേക്ക് അതിക്രമിച്ചുകയറിയവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ചാനൽ വീഡിയോ സത്യവിരുദ്ധമാണ്. വീഡിയോക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പോക്സോ പരാതി വന്നാൽ പോലീസ് കേസെടുക്കും. മാദ്ധ്യമത്തിന്റേതെന്ന് പറഞ്ഞ് കീറി കൊട്ടയിലിടാറില്ല. മാദ്ധ്യമ സ്വാതന്ത്ര്യം അസത്യം അറിയിക്കാനുള്ളതല്ല, മറിച്ച് വായനക്കാരന്റെ സത്യം അറിയാനുള്ള അവകാശമാണ്. എതിരഭിപ്രായം എഴുതുന്ന മാദ്ധ്യമങ്ങൾക്കെതിരെ നപടിയെടുക്കുന്നത് സർക്കാരിന്റെ നടപടിയല്ല. കോൺഗ്രസിന്റേയും ബിജെപിയുടേതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നീതി നടപ്പാക്കുന്നതിനെ തടസപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post