
ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് എത്ര വിമാനം പറക്കുന്നുണ്ട് ..?എത്ര തീവണ്ടി ഓടുന്നുണ്ട്..?കൂടാതെ ബസ്, കാര്‍, ലോറി, കാളവണ്ടി, കൈവണ്ടി, ഉന്തുവണ്ടി അങ്ങനെ എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ട് അത്രടം വരെ ഒന്ന് പോയിവരാന്‍..? ആലോചിച്ച് വിഷമിക്കണ്ടാ.. ഈ കണക്കൊക്കെ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത് ഒരു സാധുവാണ്.. പേര് സാധ്വി പ്രാചി..!!
സാധ്വി ചേച്ചിയുടെ കണ്ണില്‍ നിലവില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ പോകാന്‍ ഏറ്റവും യോഗ്യന്‍ ഷാരുഖ് ഖാന് ആണത്രേ..അതിന്റെ കാരണവും പ്രാചി ചേച്ചി കണ്ടുപിടിച്ചു.. ഖാന് സാഹിബ് ഇത്രയും നാള് ഇന്ത്യയില്‍ ചെയ്തുകൊണ്ടിരുന്നത് സിനിമാ അഭിനയമോ മരംചുറ്റിപ്രേമമോ ഒന്നും അല്ല; നല്ല അസ്സല് ചാരപ്രവര്‍ത്തനം തന്നെയായിരുന്നു..ചാരപ്രവര്‍ത്തനത്തിന് രാജ്യം അനുശാസിക്കുന്ന ഏറ്റവും വല്യ ശിക്ഷ തന്നെ കൊടുക്കണം.. അതുകൊണ്ട് പാക്കിസ്ഥാനിലേയ്ക്ക് വിട്ടാല്‍ മതി എന്നാണ് സാധു ചേച്ചിയുടെ തീരുമാനം.. അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ചേച്ചി കേന്ദ്രസര്‍ക്കാരിന് വിട്ടുകൊടുത്തത് ഭാഗ്യം..പ്രാചിമാ യുടെ സംഘടനയുടെ ഇപ്പോഴത്തെ ഒരു ബലം വച്ച് വേണമെങ്കില്‍ ഇത്തരത്തിലുള്ള ആളുകളെ പെട്ടെന്ന് പാക്കിസ്ഥാനില്‍ എത്തിയ്ക്കാന്‍ വേണ്ടി ഒരു വിമാനക്കമ്പനി തന്നെ തുടങ്ങാവുന്നതാണ്..
ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് പോകേണ്ട ആളുകളെ തെരഞ്ഞെടുത്ത് ലിസ്റ്റ് ഉണ്ടാക്കുക എന്നതാണ് ഇപ്പോള്‍ ഇന്ത്യയിലെ ഈ വൃന്ദത്തിന്റെ മുഖ്യ ജോലി എന്ന് തോന്നുന്നു.. അങ്ങനെ ചുമ്മാ ഒന്നും പോകാന്‍ പറ്റില്ല ട്ടോ..!! പാകിസ്ഥാന് കാണണം എന്ന് ആഗ്രഹമുള്ളവര്‍ ആദ്യം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരിനെതിരെ എന്തെങ്കിലും ഒരു ഡയലോഗ് വച്ചു കാച്ചുക എന്നതാണ്.. അതിപ്പോള്‍ ഇന്ന വിഷയത്തില്‍ ആയിക്കൊള്ളണം എന്നൊന്നുമില്ല.. ഞാന്‍ ബീഫ് തിന്നും എന്നോ, ഇവിടെ അസഹിഷ്ണുത കൂടുതലാണ് എന്നോ ഒക്കെയുള്ള ശരാശരി വീര്യം നിറഞ്ഞ ഒരെണ്ണം മതി.. അതോടെ നിങ്ങള്‍ ഫസ്റ്റ് റൌണ്ട് വിജയകരമായി പൂര്‍ത്തിയാക്കും..!! ഉടനെ തന്നെ പാക്കിസ്ഥാന് യാത്രാ ഗുണനിലവാര പരിശോധനാസമിതി രംഗത്ത് വരും..!സാധ്വി പ്രാചി, സാധ്വി നിരഞ്ജന് ജ്യോതി, സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍… സഹിഷ്ണുതയുടെ സംസ്കാരമായ ഹിന്ദുത്വത്തിന്റെ മൊത്തക്കച്ചവടം ഇപ്പോള്‍ ഈ സമിതി അംഗങ്ങളില്‍ മാത്രം നിക്ഷിപ്തമാണത്രെ.. എന്തായാലും സമിതി വന്നു നിങ്ങളെ പരിശോധിക്കും. നിങ്ങളില്‍ എത്രത്തോളം തീവ്രവാദം ഉണ്ട്, എത്രത്തോളം ചാരത്വം ഉണ്ട്, എത്രത്തോളം ഗോവിരോധം ഉണ്ട് എന്നൊക്കെ വിശകലനം ചെയ്ത ശേഷം തീരുമാനിക്കും നിങ്ങള്‍ പാക്കിസ്ഥാന് ടൂറിന് അര്‍ഹനാണോ അല്ലയോ എന്ന്..എങ്ങനെ വിടണം എന്നുള്ളത് പരിശോധനാ ഫലം അനുസരിച്ച് ഇരിക്കും.. തീവ്രത കൂടുതലാണെങ്കില്‍ വിമാനമോ റോക്കറ്റോ ഏര്‍പ്പാടാക്കും; കുറവാണെങ്കില്‍ ബസ്സ് മതിയാവും.. തീരെക്കുറവാണെങ്കില്‍ ചിലപ്പോള്‍ നടന്നു പോകേണ്ടി വരും!
ഈ കാട്ടില്‍ ഊളന്‍ കൂവിയാല്‍ ആ കാട്ടിലും ഊളന്‍ കൂവണം എന്നത് പ്രകൃതിയുടെ തന്നെ ഒരു നിയമം ആണല്ലോ…? ഷാരുഖ് ഖാന് പ്രാചി ചേച്ചി കൊടുത്ത പാസ്പോര്ട്ടില് പാക്കിസ്ഥാന് വിസ സ്റ്റാമ്പ് ചെയ്യാന്‍ മുന്നോട്ടു വന്നത് അവിടത്തെ പ്രാചിയുടെ പാകിസ്ഥാന് പതിപ്പായ ഹാഫിസ് സയീദ്..കാര്യം ആശയപരമായി വിരുദ്ധധ്രുവങ്ങളില്‍ ആണെങ്കിലും അത് നടപ്പാക്കുന്ന കാര്യത്തില്‍ ഈ ടീംസ് എത്ര ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്ക്..! എന്തായാലും പ്രാചിയുടെ പാസ്പോര്‍ട്ടും ഹാഫിസിന്റെ വിസയും കൈപ്പറ്റാന്‍ ഇതുവരെ ഖാന് സാഹിബ് തയ്യാറായിട്ടില്ല എന്നത് ഭാഗ്യം..!
സാധ്വി പ്രാചി എന്ന സാധ്വി ഋതംബര ഇവിടെ ഇന്നലെ പൊട്ടിമുളച്ചു വന്ന വിത്തല്ല.. 1992 ലെ ബാബറിമസ്ജിദ് തകര്‍ത്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന് കുറ്റക്കാരെന്നു കണ്ടെത്തിയ അറുപത്തെട്ടു പേരില്‍ ഈ ‘സാധു സാധ്വി’യും ഉണ്ടായിരുന്നു..!! 1995 ല്‍ സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കുന്ന ഡയലോഗ് വിട്ടതിനു സാധ്വിയെ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു..പിന്നീട് യു.പി ഭരണം ബി.ജെ.പിയുടെ കയ്യില്‍ നിന്ന് പോയതോടെ ആശ്രമം കെട്ടി ആത്മീയജീവിതത്തില്‍ മുഴുകി കിടക്കുകയായിരുന്നു ഈ പ്രാചി.. അന്നൊന്നും കാര്യമായ വില ഇല്ലാഞ്ഞത് കൊണ്ട് ചേച്ചിയുടെ മൊഴിമുത്തുകള്‍ മാധ്യമങ്ങളിലൂടെ അറിയുവാന്‍ നമുക്ക് സാധിച്ചില്ല..പിന്നെ ഈ ചേച്ചിയെ നമ്മള് കാണുന്നത് രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മാത്രമാണ്.! ഇപ്പോള്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ക്കും മൈക്കുകള്ക്കും ദിവസവും ഒരു നേരമെങ്കിലും പ്രാചിചേച്ചിയെ കണ്ടില്ല എങ്കില്‍ ഉറക്കം വരില്ല എന്ന അവസ്ഥയായിട്ടുണ്ട്.. പ്രാചി മാത്രമല്ല, സാക്ഷി മഹാരാജ്, നിരഞ്ജന് ജ്യോതി തുടങ്ങി ഇന്ന് ഹിന്ദുക്കളെ മൊത്തമായി സ്വര്ഗ്ഗീയരാക്കുവാന് വേണ്ടി കിണഞ്ഞു പരിശ്രമിക്കുന്ന കാവിഭടന്മാരൊക്കെത്തന്നെ 2014 നു മുന്‍പുള്ള പത്തു വര്‍ഷക്കാലം തൊഴിലില്ലായ്മ വേതനം കൈപ്പറ്റിയിരുന്നവരാണ്..
ഹിന്ദുസേനകളെ കയറൂരിവിട്ടാല്‍ രാജ്യത്തിന്റെ യശസ്സിനു കോട്ടം തട്ടും എന്ന മൂഡീസ് അനലിറ്റിക്സിന്റെ അഭിപ്രായത്തിന് ഓരോ ദിവസവും കഴിയുംതോറും കുറേശ്ശെ പ്രസക്തി കൂടി വരുന്നതായി കാണാം..! ഏത് ഹിന്ദുവിനെ സംത്രുപ്തിപ്പെടുത്താന് വേണ്ടിയാണ് ഈ വാനരക്കൂട്ടങ്ങള്‍ സമൂഹത്തില്‍ ആര്‍ത്തട്ടഹസിച്ച് തുള്ളിച്ചാടുന്നത് എന്ന് ഇതുവരെ പിടുത്തം കിട്ടിയിട്ടില്ല.! അതിനേക്കാള്‍ അത്ഭുതം ഉണ്ടാക്കുന്ന കാര്യമാണ് ഇവറ്റകളെ നിയന്ത്രിക്കുന്നതിനു ഒരു വാക്ക് പോലും ചെലവഴിക്കാതെ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനം.! ഇതൊക്കെയാണ് തങ്ങള്‍ വിഭാവനം ചെയ്ത ‘അച്ഛാ ദിന്’ ലെ സമൂഹം എന്നാണോ ഈ മൌനത്തിലൂടെ നാട്ടുകാര്‍ മനസ്സിലാക്കേണ്ടത്..?എങ്കില്‍ 2019 ല്‍ വീണ്ടും ഇതേപോലെ ഒരു വോട്ടെടുപ്പ് ഉണ്ട് എന്ന കാര്യം ആരും മറന്നു പോകരുതേ…
Discussion about this post