ലണ്ടൻ : കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ പാകിസ്താൻ പ്രൊഫസറുമായി വേദി പങ്കിട്ട് രാഹുൽ ഗാന്ധി . പാകിസ്താൻ വംശജനായ കമൽ മുനീറുമൊത്ത് രാഹുൽ സ്റ്റേജിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട് .
കഴിഞ്ഞ വർഷം കേംബ്രിഡ്ജ് വിസിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. കമൽ മുനീർ പാക് പൗരനാണ് . ഡോ. കമൽ മുനീറിന്റെ പേരും ചിത്രവും പ്രൈഡ് ഓഫ് പാകിസ്താൻ സൈറ്റിലുണ്ട്. ഇത് മാത്രമല്ല, പാകിസ്താൻ വംശജനായ ഡോ. കമൽ മുനീറിനെ വിസിയായി നിയമിച്ചതായി ഒരു വർഷം മുമ്പ് ഡെയ്‌ലി പാകിസ്താനിലും പ്രസിദ്ധീകരിച്ചിരുന്നു. പാകിസ്താൻറെ സംസ്ഥാന ബഹുമതിയായ ‘തംഗാ-ഇ-ഇംതിയാസും’ മുനീറിന് ലഭിച്ചിട്ടുണ്ട്.
ലണ്ടൻ പര്യടനത്തിനിടെ ആർ എസ് എസിനെതിരായ പ്രസ്താവനകളും , ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും രാഹുൽ നടത്തുന്നുണ്ട് . ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളും ആർഎസ്എസ് പിടിച്ചെടുത്തുവെന്ന നുണയാണ് രാഹുൽ പ്രചരിപ്പിച്ചത്. ‘ ആർഎസ്എസ് കാരണം മുസ്ലീം സമുദായങ്ങൾക്കിടയിൽ അതിർവരമ്പുകൾ ഉണ്ടാകുന്നുണ്ട് . ഇന്ത്യയിലെ ജനാധിപത്യ അന്തരീക്ഷം മാറിയത് ആർഎസ്എസ് കാരണം മാത്രമാണ്.
ഇന്ത്യൻ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും പിടിച്ചടക്കിയ തീവ്ര ഫാസിസ്റ്റ് ഗ്രൂപ്പാണിത്. ഇവർ എങ്ങനെയാണ് വിവിധ സ്ഥാപനങ്ങൾ പിടിച്ചടക്കിയതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. നമ്മുടെ രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിൽ അവർ എത്രമാത്രം വിജയിച്ചു എന്നത് എന്നെ ഞെട്ടിച്ചു. മാധ്യമങ്ങൾ, ജുഡീഷ്യറി, പാർലമെന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവരുടെ നിയന്ത്രണത്തിലാണ്.‘ ഇത്തരത്തിലാണ് രാഹുലിന്റെ പ്രസ്താവന. ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇടപെടണമെന്നും വിദേശ രാജ്യങ്ങളോട് രാഹുൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.








