ന്യൂഡൽഹി : ക്രിമിനൽ ശൃംഖലകൾക്കെതിരെയുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സംഘടിത ഗ്രൂപ്പുകൾക്ക് ഹരിയാനയിലും ഡൽഹിയിലുമുള്ള അഞ്ച് സ്വത്തു വകകൾ എൻഐഎ കണ്ടുകെട്ടി. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് 27 “ഗുണ്ടാനേതാക്കളെ” അറസ്റ്റ് ചെയ്യുകയും വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തുകയും ചെയ്തു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹർവിന്ദർ റിൻഡ, ലോറൻസ് ബിഷ്‌ണോയി, ബാംബിഹ ഗ്രൂപ്പ് എന്നിവരടങ്ങുന്ന മൂന്ന് പ്രധാന സംഘങ്ങൾക്കെതിരായ കേസുകളാണ് എൻ ഐ എ അന്വേഷിക്കുന്നത് . ഇതിനു പിന്നാലെയാണ് ഈ ഗ്രൂപ്പുകളുടെ ഹരിയാനയിലെ നാല് സ്വത്തുക്കളും ഡൽഹിയിലെ ഒരു വസ്തുവും എൻഐഎ കണ്ടുകെട്ടിയത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സംഘടിത ക്രൈം സിൻഡിക്കേറ്റുകളിലെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കളെന്ന് ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും, കൊള്ളയടിക്കലിലൂടെയും സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളാണ് കണ്ടുകെട്ടിയത് . സിർസ ജില്ലയിലെ ചൗട്ടാലയിൽ ഛോട്ടു റാമിന്റെ വീട്, തഖത്മാലിലെ ‘ജഗ്ഗ സർപഞ്ച്’ എന്ന ജഗ്‌സീർ സിംഗിന്റെ വീട്, യമുന നഗറിലെ വീരേന്ദർ സിംഗിന്റെ വീട്, രാജുവിന്റെ ഭൂമി. ഡൽഹിയിലെ ദരിയാപൂരിൽ ‘സോനു’ എന്ന സത്യവാൻ സെഹ്‌രാവത്തിന്റെ ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്. നടപടി സംഘടനകളുടെ ആയുധ വിതരണ ശൃംഖലയെ ബാധിച്ചതായി എൻ ഐ എ പറയുന്നു .
“വീരേന്ദർ, റാം, സിംഗ് എന്നിവർ ആയുധങ്ങൾ നൽകുകയും സംഘാംഗങ്ങൾക്ക് സുരക്ഷിത സങ്കേതങ്ങൾ ക്രമീകരിക്കുകയും ചെയ്തിരുന്നു. സത്യവാൻ ഗുണ്ടാസംഘങ്ങൾക്ക് അഭയം നൽകിയിരുന്നു,” – ഇവയൊക്കെയാണ് ഇപ്പോൾ തകർത്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസിലും മദ്യം ഉൾപ്പെടെയുള്ള മറ്റ് ബിസിനസ്സുകളിലും നിക്ഷേപിച്ച് രാജു കള്ളപ്പണം വെളുപ്പിക്കാറുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 87 ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട് .








