അഗർത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. തുടർച്ചയായ രണ്ടാം വട്ടമാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഒൻപത് മാസം മുന്‍പ് ബിപ്ലബ് കുമാർ ദേബ് രാജി വച്ചതിനെ തുടർന്നാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്. അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ആശിഷ് കുമാർ സാഹയെ 6104 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സാഹ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016ലാണ് മണിക് സാഹ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. ഐകകണ്ഠ്യേനയാണ് സാഹയെ നേതാവായി തിരഞ്ഞെടുത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് റജീബ് ഭട്ടാചാരി പറഞ്ഞു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 60ൽ 32 സീറ്റ് നേടിയാണ് ബിജെപി തുടർച്ചയായ രണ്ടാം വട്ടവും അധികാരം നിലനിർത്തിയത്. ആദ്യമായി മത്സരരംഗത്തിറങ്ങിയ തിപ്രമോത 13 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായി. സിപിഎം പതിനൊന്നും കോൺഗ്രസ് മൂന്ന് സീറ്റുകൾ വീതവും നേടി. അതേസമയം ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസും സിപിഎമ്മും പറഞ്ഞു.
Discussion about this post