ഇസ്ലാമാബാദ്: പാകിസ്താനിൽ ഹോളി ആഘോഷിച്ച ഹിന്ദു വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം. കറാച്ചി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് മതമൗലികവാദികൾ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഹോളിയോട് അനുബന്ധിച്ച് കറാച്ചി സർവ്വകലാശാലയിലെ സിന്ധി ഡിപ്പാർട്ട്‌മെന്റിലാണ് ഹിന്ദു വിദ്യാർത്ഥികൾ ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പെൺകുട്ടികൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ സംഘം ചേർന്നെത്തിയ മതതീവ്രവാദികൾ സംഭവം ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പുറമേ അവിടെ ഒത്തുകൂടിയ വിദ്യാർത്ഥിനികളോടും ഇവർ മോശമായി പെരുമാറി. ഇത് ഹിന്ദു വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. ഇതോടെ ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പെൺകുട്ടികൾ ഉൾപ്പെടെ 15 ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
ഇതൊന്നും തങ്ങളുടെ മതത്തിന് നിരക്കാത്തത് ആണെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണമെന്ന് മർദ്ദനമേറ്റ പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു. ഇസ്ലാമി ജാമിയത് ടുൽബയിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നിൽ. ഹിന്ദു വിദ്യാർത്ഥിനികളോട് അവർ മോശമായി പെരുമാറി. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സർവ്വകലാശാല അധികൃതരോട് ആവശ്യപ്പെടാനുള്ളതെന്നും വിദ്യാർത്ഥിനി പറഞ്ഞു.
കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ച പഞ്ചാബ് സർവ്വകലാശാലയിലെ ലോ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇസ്ലാമി ജാമിയത് ടുൽബയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ 15 പേർക്കാണ് പരിക്കേറ്റത്.
Discussion about this post